കോഴിക്കോടിനെ സ്നേഹിച്ച സുഭാഷ് ദാ
text_fieldsകോഴിക്കോട്: ഇന്ത്യൻ ഫുട്ബാളിൽ കളിക്കാരനായും കോച്ചായും തിളങ്ങിയ സുഭാഷ് ഭൗമികിന് കോഴിക്കോടിനെ ഏറെ ഇഷ്ടമായിരുന്നു. അങ്ങകലെ വംഗനാട്ടിൽ മരിച്ച സുഭാഷ് ദായുടെ നല്ല ഓർമകൾ കോഴിക്കോടൻ ഫുട്ബാൾ വർത്തമാനങ്ങളിലുണ്ടായിരുന്നു. 1975ലെ സന്തോഷ് ട്രോഫിയിൽ ബംഗാളിന് വേണ്ടി സുഭാഷ് ഭൗമിക് ഇവിടെ കളിച്ചിട്ടുണ്ട്. ഈ നഗരത്തിലെ ഫുട്ബാൾ ഭ്രാന്തന്മാരെ സ്വന്തം തട്ടകമായ കൊൽക്കത്തയേക്കാൾ അദ്ദേഹം സ്നേഹിച്ചിരുന്നു.
കൊൽക്കത്തയിലെ 'വൺ സൈഡ്' ആരാധകരേക്കാൾ കോഴിക്കോട്ടെ ഫുട്ബാൾ ബോധമുള്ള കാണികളെയായിരുന്നു അദ്ദേഹത്തിനിഷ്ടം. സ്വന്തം ടീം മോശമായി കളിച്ചാലും ഗോളിക്ക് മൈനസ് പാസ് നൽകിയാലും കൂവിവിളിക്കുന്ന ഗാലറിയെ സുഭാഷ് ദാ എന്നും ശ്രദ്ധിച്ചിരുന്നു. കളിക്കാരനായി തിളങ്ങിനിന്നകാലം ഇവിടത്തെ ആരാധകർ സ്നേഹംകൊണ്ട് വീർപ്പുമുട്ടിച്ചിട്ടുണ്ട്. കളി കഴിഞ്ഞാൽ സമ്മാനങ്ങളുമായെത്തുന്നവരെയും മലബാർ വിഭവങ്ങളുമായി വീട്ടിൽ കൊണ്ടുപോയി സൽക്കരിക്കുന്നവരെയും അദ്ദേഹം ഓർത്തിരുന്നു.
1967ൽ ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിലാണ് സുഭാഷ് ഭൗമിക് കോഴിക്കോട് ആദ്യമായി കളിക്കുന്നത്. തൊട്ടടുത്ത വർഷം ജബൽപൂരിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളം നേരിട്ട ബംഗാൾ ടീമിൽ ഭൗമിക്കുമുണ്ടായിരുന്നു. പന്തിനു വേണ്ടിയുള്ള മത്സരത്തിനിടെ ഇദ്ദേഹത്തിൽനിന്ന് കോഴിക്കോട്ടുകാരൻ സി. ഉമ്മറിന് പരിക്കേറ്റിരുന്നു. കളത്തിലിറങ്ങിയാൽ ഏതുവിധേനയും ജയിച്ചുകയറണമെന്ന് എന്ന് വാശിയുള്ള താരമായിരുന്നു ഭൗമിക്കെന്ന് ഉമ്മർ ഓർക്കുന്നു. 2005ലെ ദേശീയ ലീഗ് മത്സരത്തിൽ ഈസ്റ്റ്ബംഗാളിന്റെ പരിശീലകനായാണ് അവസാനമായി കോഴിക്കോട്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.