വികസനപദ്ധതികൾ വേഗത്തിലാക്കാൻ നിർദേശം
text_fieldsകോഴിക്കോട്: ജില്ലയിലെ വിവിധ പദ്ധതികളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിൽ കൂടുതൽ ശ്രദ്ധ വേണമെന്ന് ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. ജില്ല വികസനസമിതി യോഗത്തിലാണ് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. ബാലുശ്ശേരി, കുറ്റ്യാടി, കക്കട്ടിൽ ടൗൺ നവീകരണപ്രവൃത്തി പൂർത്തിയാക്കുന്നത് അവസാനഘട്ടത്തിലാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
മണ്ഡലങ്ങളിലെ പൊതുമരാമത്ത് റോഡുകളുടെ നിലവിലെ പ്രവൃത്തി പുരോഗതി യോഗത്തിൽ വിലയിരുത്തി. കോഴിക്കോട് മെഡിക്കൽ കോളജിന്‍റെ ചുറ്റുമതിൽ നിർമാണപ്രവൃത്തി നാലു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും കലക്ടർ നിർദേശം നൽകി.
വടകര പുതുപ്പണത്ത് പട്ടികവർഗ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലിന് പുതിയ കെട്ടിടത്തിന്റെ നിർമാണപ്രവൃത്തിയുടെ ടെൻഡർ ഉടൻ തുടങ്ങും. ഇതിലേക്കായി 4.82 കോടി രൂപയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. കുറ്റ്യാടി നിയോജകമണ്ഡലത്തിലെ രണ്ട് ഐ.ടി.ഐ കെട്ടിടങ്ങളുടെ നിർമാണപ്രവൃത്തി പുരോഗമിക്കുകയാണ്. മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡിൽ പൊളിച്ചുമാറ്റൽ പ്രവൃത്തി പുരോഗമിക്കുകയാണ്. പാച്ചാക്കിൽ തോട് നവീകരണപ്രവൃത്തി ഉടൻ പുനരാരംഭിക്കും.പേരാമ്പ്ര മണ്ഡലത്തിലെ 10 ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ജലഗുണനിലവാര പരിശോധന ലാബ് നിർമാണപ്രവൃത്തി പുരോഗമിക്കുകയാണ്.
പേരാമ്പ്ര സബ് ട്രഷറി കെട്ടിടനിർമാണ പ്രവൃത്തി 90 ശതമാനം പൂർത്തീകരിച്ചു. പേരാമ്പ്ര താലൂക്ക് ഗവ. ആശുപത്രി കെട്ടിട നിർമാണത്തിനുള്ള വിശദ പദ്ധതിരേഖ കിഫ്ബിക്ക് സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ജില്ലയിൽ കാൻസർ കെയർ സൊസൈറ്റി രൂപവത്കരിക്കുന്നത് സംബന്ധിച്ച് ജില്ല പഞ്ചായത്ത് സെക്രട്ടറി ജില്ല വികസനസമിതി യോഗത്തിൽ വിശദീകരിച്ചു. ആധുനിക ചികിത്സാസൗകര്യം, ബോധവത്കരണം തുടങ്ങി 18ഓളം ലക്ഷ്യങ്ങൾ കാൻസർ കെയർ സൊസൈറ്റി വഴി നടപ്പാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ.കെ. രമ, പി.ടി.എ. റഹീം, എ.ഡി.എം സി. മുഹമ്മദ് റഫീഖ്, ജില്ല പ്ലാനിങ് ഓഫിസർ ടി.ആർ. മായ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.