സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച് ആത്മഹത്യ ശ്രമം; പൊലീസ് ഇടപെടലിൽ ജീവൻ തിരിച്ചു കിട്ടി
text_fieldsഎലത്തൂർ: പൊലീസിന്റെ സമയോചിത ഇടപെടലിൽ യുവാവിന്റെ ആത്മഹത്യശ്രമം പരാജയപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് പൊലീസിനെ വട്ടം കറക്കിയ ആത്മഹത്യശ്രമം നടന്നത്. താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് അറിയിച്ച് വിഡിയോ സന്ദേശം സുഹൃത്തുക്കൾക്കും മറ്റും അയച്ചു കൊടുക്കുകയായിരുന്നു യുവാവ്. വിവരം ഉടൻ പൊലീസിൽ അറിയിച്ചു. സൈബർ സെല്ലിന് നമ്പർ കൈമാറിയതോടെ എലത്തൂർ ഭാഗത്തുള്ളതായി അറിയാൻ കഴിഞ്ഞു.
ലൊക്കേഷൻ പരിശോധിച്ചപ്പോൾ എലത്തൂർ ബസ് സ്റ്റാൻഡ് പരിസരത്താണെന്ന് മനസ്സിലായി. എലത്തൂർ പൊലീസ് ഇൻസ്പെക്ടർ എം. സായുജ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലം പരിശോധിച്ചെങ്കിലും ആളെ കണ്ടില്ല. പിന്നീട് ചോരയിൽ കുളിച്ച് മുറിയിൽ കിടക്കുന്ന ഫോട്ടോ യുവാവ് തന്നെ വാട്ട്സ് ആപ് വഴി വീണ്ടും അയച്ചു. ഇതേ തുടർന്ന് പൊലീസിന് സംശയം തോന്നിയതിനാൽ ബസ് സ്റ്റാൻഡിനു സമീപത്തെ ശുചി മുറി പരിശോധിക്കുകയായിരുന്നു.
മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായതിനാൽ പൊലീസ് വാതിൽ ചവിട്ടിത്തുറന്നു. ആത്മഹത്യക്ക്ശ്രമിച്ചയാൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. കഴുത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവേറ്റതിനാൽ രക്തം വാർന്ന് അവശനായിരുന്നു. ഉടൻ പൊലീസ് ജീപ്പിൽ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ജീവൻ രക്ഷപ്പെടുത്തുകയുമായിരുന്നു. അപകട നില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു. എ.എസ്.ഐ മാരായ കെ.എ. സജീവൻ, പി.എസ്. ജയേഷ്, സി.പി.ഒ അബ്ദുൽ സമദ് എന്നിവരടങ്ങിയ സംഘമാണ് ആത്മഹത്യക്കൊരുങ്ങിയയാളെ ആശുപത്രിയിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.