യുവാക്കളുടെ മരണം: നൊമ്പരം മാറാതെ പ്രദേശവാസികൾ
text_fieldsനന്മണ്ട: മരക്കാട്ട് മുക്കിൽ രണ്ടു യുവാക്കൾ ആത്മഹത്യ ചെയ്തതിന്റെ നൊമ്പരം വിട്ടുമാറാതെ പ്രദേശവാസികൾ. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം.
വീടിന് തൊട്ടടുത്ത ക്ഷേത്രത്തിൽ തിറ മഹോത്സവം നടക്കുന്നതിനാൽ ഇരുവരുടെയും കുടുംബാംഗങ്ങൾ അതിൽ പങ്കെടുത്തിരുന്നു. അതേപോലെ മരണപ്പെട്ട യുവാക്കളും ചടങ്ങിൽ സജീവമായിരുന്നു. 27കാരനായ അഭിനന്ദിന് അടുത്ത കാലത്താണ് സർക്കാർ ജോലി കിട്ടിയത്. മകന് ജോലി കിട്ടിയത് കൂലിവേലക്കാരനായ പിതാവ് രാജന് ഏറെ ആശ്വാസമായിരുന്നു. വർഷങ്ങൾക്കുമുമ്പ് അഭിനന്ദിന്റെ സഹോദരി അഭിനയ വാഹനാപകടത്തിൽ മരിച്ചതിന്റെ പ്രയാസം വിട്ടുമാറാത്ത കുടുംബം അഭിനന്ദിന്റെ അപ്രതീക്ഷിത മരണം സൃഷ്ടിച്ച ആഘാതത്തിലാണ്. ഓട്ടോ ഡ്രൈവറായ വിജിഷാവട്ടെ തൊഴിലാളികളുടെ ആവശ്യത്തിനായി മുന്നിൽനിന്ന് പോരാടുന്ന യുവാവായിരുന്നു. നേരത്തെ തന്നെ വിജിഷിന് അമ്മയെ നഷ്ടപ്പെട്ടിരുന്നു. ഇരുവരുടെയും അനുശോചന യോഗത്തിൽ ഒട്ടേറെ പേർ പങ്കെടുത്തു. പൊലീസ് പറയുന്നത് രണ്ടു മരണങ്ങളും തമ്മിൽ ബന്ധമില്ലായെന്നും അവർ അടുത്ത സുഹൃത്തുക്കളല്ലായെന്നുമാണ്. ഇരുവരുടെയും ഫോണുകൾ പരിശോധിച്ച പൊലീസിന് ഒന്നും കണ്ടെത്താനും കഴിഞ്ഞിട്ടില്ല.
ഒരേ പ്രദേശത്തുകാർ എന്നതിൽ കവിഞ്ഞ് മറ്റ് ബന്ധങ്ങളൊന്നും ഇവർ തമ്മിൽ ഇല്ലെന്നും പൊലീസ് പറയുന്നു. ഇരുവരുടെയും കുടുംബങ്ങൾ പറയുന്നതും ഒരു ബന്ധവും ഇല്ലെന്നുതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.