ഗതാഗതമന്ത്രിക്ക് തടയിടാൻ സുൽഫിക്കർ മയൂരിയെത്തി
text_fieldsകോഴിക്കോട്: ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനെ നേരിടാൻ യു.ഡി.എഫ് സ്ഥാനാർഥിയായി അദ്ദേഹത്തിെൻറ പഴയ സഹപ്രവർത്തകൻ. നാഷനലിസ്റ്റ് കോൺഗ്രസ് കേരള (എൻ.സി.കെ) സംസ്ഥാന വൈസ് പ്രസിഡൻറ് സുൽഫിക്കർ മയൂരിയാണ്(53) ശനിയാഴ്ച എലത്തൂർ മണ്ഡലത്തിൽ പര്യടനം തുടങ്ങിയത്. മാണി സി. കാപ്പനൊപ്പം എൻ.സി.പി വിട്ട് യു.ഡി.എഫിലെത്തിയ സുൽഫിക്കർ മയൂരി എൻ.സി.പിയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും അഖിലേന്ത്യാ കമ്മിറ്റി അംഗവുമാണ്. ശനിയാഴ്ച നഗരത്തിലെയും മണ്ഡലത്തിലെയും പ്രമുഖവ്യക്തികളെ കണ്ട അദ്ദേഹം ഞായറാഴ്ച മുതൽ എലത്തൂരിൽ പര്യടനത്തിനിറങ്ങും. പാലാക്കൊപ്പം നാഷനലിസ്റ്റ് കോൺഗ്രസ് കേരളക്ക് യു.ഡി.എഫ് അനുവദിച്ച രണ്ടാമത്തെ സീറ്റാണ് എലത്തൂർ. എലത്തൂരിൽ സുൽഫിക്കറിെൻറ പേര് കഴിഞ്ഞദിവസം കാപ്പൻ പ്രഖ്യാപിക്കുകയായിരുന്നു.
ശശീന്ദ്രനെതിരായ വികാരം മണ്ഡലത്തിലുണ്ടെന്നും തനിക്ക് അനുകൂലമായ സാഹചര്യമുള്ളതായാണ് പ്രതീക്ഷയെന്നും സുൽഫിക്കർ പറഞ്ഞു. 2011ൽ 14,654 വോട്ടിന് ജയിച്ചുകയറിയ 'എ.കെ.എസ്' 2016ൽ ഭൂരിപക്ഷം ഇരട്ടിയാക്കി 29,057ലെത്തിച്ചിരുന്നു. ജില്ലയിലെ ഏറ്റവും വലിയ മാർജിനായിരുന്നു അത്. ഇത് മറികടക്കുകതന്നെ ചെയ്യുമെന്നാണ് മയൂരിയുടെ പ്രതീക്ഷ. കായംകുളം നഗരസഭ മുൻ കൗൺസിലറാണ് സുൽഫിക്കർ. കേരള അഗ്രോ ഇൻഡസ്ട്രിയൽ കോർപറേഷൻ ചെയർമാൻ, സ്പൈസസ് റിസർച് ബോർഡ് അംഗം എന്നീ ചുമതലകൾ വഹിച്ചു. കായംകുളത്തെ 'സ്വർണമയൂരി' എന്ന സ്ഥാപന ഉടമയും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർചൻറ്സ് യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻറുമാണ്.
കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം കരുണാകരനൊപ്പം ഡി.ഐ.സിയിൽ ചേർന്നു. ഡി.ഐ.സി-എൻ.സി.പി ലയനത്തോടെയാണ് എൻ.സി.പിലെത്തിയത്. ഭാര്യ: ഹസീന സുൽഫിക്കർ. മക്കൾ: അസ്കർ സുൽഫിക്കർ, സുഹൈബ് എസ്. ഖാദർ, യാസർ എസ്. മയൂരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.