വേനൽമഴ; കർഷകർക്ക് കണ്ണീർ വെള്ളരി
text_fieldsപെരുമണ്ണ പാറക്കോട്ട് താഴത്ത് മഴവെള്ളം കെട്ടിനിന്ന് നശിച്ച വെള്ളരിപ്പാടം
പന്തീരാങ്കാവ്: കണിവെള്ളരിയുടെ വിളവെടുപ്പിന് കാത്തിരുന്ന പെരുമണ്ണ പാറക്കോട്ട് താഴത്തെ കർഷകർക്ക് വേനൽമഴ ദുരിതമായി. വിഷുവിന് വിളവെടുക്കാൻ കാത്തിരുന്ന അഞ്ച് ഹെക്ടറോളമുള്ള കൃഷിയിടത്തിലെ വെള്ളരി, കൈപ്പ, പയറ്, വെണ്ട തുടങ്ങിയ കൃഷികളാണ് വെള്ളം കെട്ടിനിന്ന് നശിച്ചത്. വള്യാട്ട് പാടശേഖര സമിതിയുടെ നേതൃത്വത്തിൽ 25ഓളം കർഷകർക്കാണ് ഭീമമായ നഷ്ടം സംഭവിച്ചത്. വർഷങ്ങളായി ഈ വയലുകളിൽനിന്നുള്ള വെള്ളരി കണിവെക്കാനായി ഇന്ത്യക്ക് പുറത്തേക്ക് വരെ കയറ്റി അയക്കുന്നുണ്ട്.
ദേശീയപാത വികസനത്തിനായി പുതിയ പാലങ്ങൾക്ക് പുഴയിൽ മണ്ണിട്ട് നികത്തിയതിനാൽ വെള്ളം ഒഴിഞ്ഞ് പുഴയിലേക്ക് വലിഞ്ഞ് പോവാത്തതും, കുന്നത്ത് പാലത്തെ തടയണ തുറക്കാത്തതിനാലുമാണ് മഴവെള്ളം ഒഴിഞ്ഞുപോവാതെ കൃഷിനശിക്കാൻ കാരണമായതെന്ന് കർഷകർ പറയുന്നു.
സമിതിയിലെ മിക്ക കർഷകരും പാട്ടത്തിനെടുത്ത ഭൂമിയിലാണ് കൃഷി നടത്തുന്നത്. പാട്ടത്തുക നൽകാൻ പോലുമാവാത്തവിധം ഭീമമായ നഷ്ടമാണ് സംഭവിച്ചത്. അരക്കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായി പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു. പി.എം. രാധാകൃഷ്ണൻ, പുന്നത്തൂർ കൃഷ്ണൻകുട്ടി, പി.എം. വേലായുധൻ, പുന്നത്തൂർ ബാലൻ, പി.എം. ബാലകൃഷ്ണൻ, ബാബു ചെരണ്ടാത്ത്, ശശി വള്ളിയാട്ട്, ചെരണ്ടാത്ത് ലക്ഷ്മണൻ തുടങ്ങിയ കർഷകരുടെ കൃഷിയാണ് നശിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.