അവധിക്കാലം അടിച്ചുപൊളിക്കാൻ ക്യാമ്പുകളിലേക്ക് പറക്കാം
text_fieldsകോഴിക്കോട്: കാലം മാറി. പണ്ട് പരീക്ഷ കഴിഞ്ഞാൽ പിന്നെ കുട്ടികളെ പാടത്തും പറമ്പിലും കുളക്കടവുകളിലും മാവിൻ ചുവട്ടിലുമാണ് കണ്ടിരുന്നത്. അവധിക്കാലം രസകരമാക്കിയിരുന്നത് കളിയും കുളിയും മാങ്ങയും ചക്കയും പറങ്കിമാങ്ങയും ഒക്കെയായിരുന്നു.
ഇക്കാലത്ത് പരീക്ഷ കഴിയുന്നതിന്റെ പിറ്റേന്നുമുതൽ കുട്ടികൾ ക്യാമ്പുകളിലാണ്. ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ചുള്ള ക്യാമ്പുകൾ നഗരത്തിൽ മാത്രമല്ല, ഗ്രാമങ്ങളിലും സുലഭമാണ് താനും. കോഴിക്കോട് നഗരത്തിൽതന്നെ ഏപ്രിൽ ഒന്നുമുതൽ നിരവധി ക്യാമ്പുകളാണ് ആരംഭിച്ചത്. തൊട്ടടുത്ത ദിവസങ്ങളിലും നിരവധി ക്യാമ്പുകൾ ആരംഭിക്കും. നാടകം, കളരി, നീന്തൽ, ഫുട്ബാൾ, വോളിബാൾ, ഡ്രോയിങ്, സംഗീതം തുടങ്ങി നിരവധി ക്യാമ്പുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളത്.
ജില്ല സ്പോർട്സ് കൗൺസിൽ ക്യാമ്പുകൾ
ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ വിദ്യാർഥികള്‍ക്കായി നിരവധി ക്യാമ്പുകളിലാണ് ഒരുക്കിയിരിക്കുന്നത്. ആറു മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഏപ്രില്‍, മേയ് മാസങ്ങളിലാണ് ക്യാമ്പ്. ബാഡ്മിന്റൺ, വോളിബാൾ, സ്വിമ്മിങ്, ഫുട്ബാൾ, ബാസ്കറ്റ് ബാൾ, ബോക്സിങ് തുടങ്ങിയവയിൽ വേനല്‍ക്കാല ക്യാമ്പ് നടത്തുന്നു.
നടുവണ്ണൂർ വോളിബാൾ അക്കാദമി ഇൻഡോർ സ്റ്റേഡിയത്തിലാണ് വോളിബാൾ ക്യാമ്പ്. കോഴിക്കോട്, കൊയിലാണ്ടി എന്നിവിടങ്ങളിലെ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ഫുട്ബാൾ ക്യാമ്പും ഈസ്റ്റ് നടക്കാവ് സ്പോർട്സ് കൗൺസിൽ സ്വിമ്മിങ് പൂളിൽ നീന്തൽ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.sportscouncilkozhikode.com. സന്ദർശിക്കുക. https://forms.gle/jMHSajFyeJqSA3wq7ൽ രജിസ്ട്രേഷൻ ചെയ്യാം. ഫോണ്‍: 8078182593, 0495-2722593.
ഷൂട്ടിങ് ക്യാമ്പ്
ജില്ല റൈഫിൾ അസോസിയേഷൻ തൊണ്ടയാടുവെച്ച് നടത്തുന്ന അവധിക്കാല ഷൂട്ടിങ് ക്യാമ്പ് ഏപ്രിൽ ഒന്നിന് ആരംഭിച്ചു. തോക്കുകളുടെ പരിശീലനം, ഷൂട്ടിങ് റേഞ്ച് മാനേജ്മെന്റ് എന്നിവയെല്ലാം പരിശീലിപ്പിക്കും. ഷൂട്ടിങ് കോച്ചിങ് ക്യാമ്പിന്റെ രണ്ടാമത്തെ ബാച്ച് ട്രെയിനിങ് ഏപ്രിൽ 21 മുതൽ 30 വരെ തൊണ്ടയാട് കാലിക്കറ്റ് റൈഫിൾ ക്ലബ് റേഞ്ചിൽ നടക്കും. ഫോൺ: 9562439858, 8075079703.
ശാസ്ത്ര കേന്ദ്രത്തിൽ അവധിക്കാല ക്യാമ്പ്
കോഴിക്കോട് മേഖല ശാസ്ത്രകേന്ദ്രത്തിൽ വിജ്ഞാന കൗതുകം, ഫിസിക്സ്, കെമിസ്ട്രി, ആസ്ട്രോണോമി, ബയോളജി, ഇന്നവേഷൻ ആൻഡ് ക്രിയേറ്റിവിറ്റി, ഗണിതം, റോബോട്ടിക്സ് എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ അവധിക്കാല ഹോബി ക്ലാസുകൾ ആരംഭിക്കുന്നു. ഓരോ വിഷയത്തിലും അഞ്ചുദിവസം നീളുന്ന ക്ലാസുകളാണ് സംഘടിപ്പിക്കുക. ഓരോ കോഴ്സിനും 1000 രൂപയാണ് ഫീസ്.
മഞ്ചാടിക്കുരു നാടക ക്യാമ്പ്
ഏപ്രിൽ 29 മുതൽ മേയ് അഞ്ചുവരെ മഞ്ചാടിക്കുരു അവധിക്കാല നാടക ക്യാമ്പ് കോഴിക്കോട് വെള്ളിമാട്കുന്ന് പാസ്റ്ററൽ ആൻഡ് മിഷനറി ഓറിയന്റേഷൻ സെന്ററിൽ ആരംഭിക്കും. നാടക പഠനം, യോഗ, ചങ്ങാത്തം, കളികൾ, വിനോദയാത്ര, നാട്ടറിവുകൾ, അഭിമുഖം, സിനിമ പരിചയം എന്നിവയാണ് ഒരാഴ്ച നീളുന്ന ക്യാമ്പിൽ ഉണ്ടാകുക.
ഏഴുമുതൽ 17 വയസ്സുവരെയുള്ള 70 കുട്ടികളാണ് പങ്കെടുക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ സിനിമ, സാഹിത്യം, സാംസ്കാരിക മേഖലകളിലെ വ്യക്തികൾ കുട്ടികളുമായി സംവദിക്കും. രജിസ്ട്രേഷന് 9446781218, 9745650011.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.