വേനൽ കനക്കുമ്പോൾ വെള്ളമുണ്ട്, വേണ്ടിടത്തെത്തുന്നില്ല
text_fieldsകോഴിക്കോട്: ജപ്പാൻ കുടിവെള്ള പദ്ധതിവഴിയടക്കം ജലം ലഭ്യമാണെങ്കിലും അവ നഗരവാസികളിലെത്തിക്കാൻ ഇനിയും കുറ്റമറ്റ സംവിധാനമായില്ല. വേനലിൽ കിണറുകൾ വീണ്ടും വറ്റിത്തുടങ്ങിയതോടെ പുതിയ പൈപ്പിടലും കണക്ഷൻ നൽകലും തകൃതിയായി നടക്കുന്നുവെങ്കിലും നഗരത്തിൽ കുടിവെള്ളം കിട്ടാത്ത മേഖലകൾ ഇനിയും ബാക്കി. പൈപ്പ് പൊട്ടലാണ് മുമ്പ് പ്രധാന പ്രശ്നമായിരുന്നതെങ്കിൽ കണക്ഷനുണ്ടായിട്ടും ഉയർന്ന പ്രദേശങ്ങളിൽ വെള്ളം കിട്ടാത്തതാണ് ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നം.
പൈപ്പിൽ മതിയായ പ്രഷറില്ലാത്തത് ഉയർന്ന സ്ഥലങ്ങളിൽ വെള്ളം കിട്ടാതിരിക്കാൻ കാരണമാണ്. മൂഴിക്കൽ വാർഡിലും മറ്റും കണക്ഷൻ പുതിയതായി കൊടുത്തെങ്കിലും വെള്ളം കിട്ടാത്ത പ്രശ്നമുണ്ട്. പല സ്ഥലത്തും ജല അതോറിറ്റിയിൽ ഉദ്യോഗസ്ഥരില്ലാത്തതും ഫോൺ എടുക്കാത്തതും ബുദ്ധിമുട്ടാവുന്നു. മൂഴിക്കൽ വെള്ളിയേക്കാട്, കട്ടയാട്ട് പറമ്പ് തുടങ്ങി ഉയർന്ന പ്രദേശങ്ങളിൽ 30ഓളം വീട്ടുകാർക്ക് പൈപ്പിൽ വെള്ളം കിട്ടുന്നില്ലെന്ന് കൗൺസിലർ എം.പി. ഹമീദ് പറഞ്ഞു. മിക്ക വാർഡിലും ഇത്തരം പ്രദേശങ്ങളുണ്ട്. സംഭരണികളിൽ ഇപ്പോൾ വേണ്ടത്ര വെള്ളമുള്ളപ്പോഴാണിത്. വിവിധ പദ്ധതിയിൽ സ്ഥാപിച്ച പൈപ്പുകളിലേക്ക് കണക്ഷൻ കൊടുക്കാൻ ആദ്യമുള്ള പൈപ്പ് എവിടെയെന്ന് കണ്ടെത്താത്ത സാഹചര്യവുമുണ്ട്.
പൈപ്പ് ഏതുവഴിയെന്ന രേഖകളൊന്നും സൂക്ഷിക്കാത്തതാണ് പ്രശ്നം. ജീവനക്കാർ മാറുമ്പോൾ പുതിയതായി വരുന്നവർ ഇരുട്ടിൽ തപ്പുന്ന അവസ്ഥയാണ്. ഇതിനിടെ പൈപ്പ് പൊട്ടലുമുണ്ട്. 8000 ലിറ്ററിന്റെ വലിയ വാഹനത്തിലാണ് ഇപ്പോൾ വെള്ളമെത്തിക്കുന്നത്. വീടുകളിൽ ടാങ്കിൽനിന്ന് വെള്ളം എത്തിക്കുമ്പോൾ പാഴായിപ്പോവുന്നതും വാഹനം കുറെ നേരം കാത്തിരിക്കേണ്ടതുമായ പ്രശ്നമുണ്ട്. ഈ സാഹചര്യത്തിൽ 200 ലിറ്ററിന്റെ ഡ്രമ്മുകൾ സജ്ജമാക്കാൻ ശ്രമമാരംഭിച്ചിട്ടുണ്ട്. മാനാഞ്ചിറയിൽ വെള്ളത്തിന് പ്രശ്നമുള്ളതിനാൽ ജല അതോറിറ്റിയിൽനിന്ന് പണം കൊടുത്ത് വെള്ളം വാങ്ങിയാണ് കോർപറേഷൻ വിതരണം ചെയ്യുന്നത്. വാട്ടർ അതോറിറ്റിയുടെ വാഹനത്തിനുള്ള വാടകയും കോർപറേഷൻ നൽകുന്നു. വെള്ളവുമായുള്ള വണ്ടിക്ക് ആവശ്യമായ ഡ്രൈവർമാരെയും ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യത്തിന് വെള്ളം കിട്ടാൻ പദ്ധതിയായിട്ടും വാട്ടർ കണക്ഷനില്ലാത്തതിനാൽ പാത്രത്തിൽ വെള്ളം പിടിച്ച് ഈ വേനലും കഴിഞ്ഞുകൂടണമെന്ന സ്ഥിതി തുടരുന്നു.
ആപ് വഴി വെള്ളമടിക്കുന്ന പദ്ധതിക്ക് തുടക്കം
കോഴിക്കോട് കോർപറേഷൻ കുറ്റിയിൽതാഴം വാർഡിലെ ഉയർന്ന പ്രദേശങ്ങളായ പോത്തഞ്ചേരി മീത്തൽ, തെക്കിനേടത്ത് മീത്തൽ, നൂഞ്ഞിയിൽ മീത്തൽ, എടക്കാട് പറമ്പ് എന്നിവിടങ്ങളിൽ കഴിഞ്ഞ 20 വർഷത്തോളമായി കുടിവെള്ളം സ്ഥിരമായി കിട്ടാത്ത അവസ്ഥക്ക് പരിഹാരമായി. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള കണക്ഷൻ ഉണ്ടായിട്ടും വെള്ളം കിട്ടാതെ താഴേക്ക് ഇറങ്ങിപ്പോയി ടാപ്പിൽനിന്ന് വെള്ളമെടുത്ത് ചുമന്നുകയറി വരണ്ട സ്ഥിതിയായിരുന്നു ഇതുവരെ.
പ്രദേശത്ത് മിനി വാട്ടർ സൈപ്ലസ് സ്കീം കോർപറേഷൻ നടപ്പാക്കിയെങ്കിലും അത് വെള്ളം മോശമായത് കാരണം വർഷങ്ങൾക്കു മുമ്പുതന്നെ പ്രവർത്തനരഹിതമാണ്. ഈ ഘട്ടത്തിലാണ് നൂതന പദ്ധതി വാട്ടർ അതോറിറ്റിയും കോർപറേഷനും ചേർന്ന് നടപ്പാക്കിയത്. വാട്ടർ അതോറിറ്റിയുടെ ലൈനിൽനിന്നും താഴെ പമ്പ് ഹൗസിൽനിന്നും നേരിട്ട് ബൂസ്റ്റർ പമ്പ് ഘടിപ്പിച്ച് കുന്നിന്റെ മുകളിലുള്ള ടാങ്കിലേക്ക് വെള്ളം എത്തിക്കുകയും അവിടെനിന്ന് വാട്ടർ അതോറിറ്റിതന്നെ എല്ലാ വീടുകളിലേക്കും മീറ്റർ വെച്ച് സാധാരണപോലെ വെള്ളം നൽകുകയും ചെയ്യുന്നതാണ് പുതിയ പദ്ധതി.
വെള്ളം പമ്പ് ചെയ്യുന്നതിന് പമ്പ് ഹൗസിൽ എത്തേണ്ട. മൊബൈൽ ഫോണിൽ സെറ്റ് ചെയ്ത ആപ്ലിക്കേഷൻ വഴി സ്വിച്ച് ഓണാക്കാനും ഓഫാക്കാനുമാവുമെന്ന് കൗൺസിലർ എം.പി. സുരേഷ് പറഞ്ഞു. മേയർ ഡോ. ബീന ഫിലിപ് പദ്ധതി ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.