വളർത്തുമൃഗങ്ങളുടെയും ജീവനെടുത്ത് സൂര്യാതപം
text_fieldsകോഴിക്കോട്: കത്തുന്ന വേനൽച്ചൂടിൽ സൂര്യാതപമേറ്റ് ജില്ലയിൽ 26 പശുക്കളും മൂന്ന് എരുമകളും ചത്തതായി ജില്ല മൃഗസംരക്ഷണ വകുപ്പ്. ജനുവരി മുതലുള്ള കണക്കാണ് ഇതെങ്കിലും ചൂട് കൂടിയ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ഭൂരിഭാഗം കാലികളും ചത്തത്.
ജില്ലയിലെ 18 ഗ്രാമപഞ്ചായത്തുകളിൽ കാലികൾ ചത്തതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചത്ത പശുക്കളിൽ കറവയുള്ളവയും ഉൾപ്പെടുന്നു. ഇതുസംബന്ധിച്ച് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി വിളിച്ചുചേർത്ത ഓൺലൈൻ യോഗത്തിൽ സൂര്യാതപമേറ്റ് ചത്ത കാലി ഒന്നിന് 16,400 രൂപ ധനസഹായം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. സൂര്യാതപമേറ്റ് കാലി ചത്താൽ സമീപത്തെ മൃഗാശുപത്രിയിൽ വിവരമറിയിക്കുകയും പോസ്റ്റ്മോർട്ടം നടത്തുകയും വേണം.
പോസ്റ്റ്മോർട്ടം റിപ്പോർട്ടും ചത്ത പശുവിന്റെ ഫോട്ടോയും അടങ്ങിയ അപേക്ഷയാണ് കർഷകർ ധനസഹായത്തിന് സമർപ്പിക്കേണ്ടത്. ചൂടു മൂലം വളര്‍ത്തുമൃഗങ്ങളില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് വേണ്ട പരിചരണം കരുതലോടെ വേണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും തണുത്ത ശുദ്ധജലം സദാ ലഭ്യമാക്കണം. വായുസഞ്ചാരമുള്ള വാസസ്ഥലം ലഭ്യമാക്കുന്നതോടൊപ്പം തന്നെ ഓമനമൃഗങ്ങളെ വാഹനങ്ങളില്‍ പൂട്ടിയിടുന്നത് ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
വളര്‍ത്തുമൃഗങ്ങളുടെ ട്രാന്സ്പോര്ട്ടേഷന് രാവിലെയും വൈകീട്ടുമായി പരിമിതപ്പെടുത്തൽ, മൃഗങ്ങളെ വാഹനങ്ങളില്‍ കുത്തിനിറച്ച് കടത്തുന്നത് ഒഴിവാക്കൽ, ധാതുലവണ മിശ്രിതം, വിറ്റമിന്‍സ്, പ്രോബയോട്ടിക്സ് എന്നിവ തീറ്റയില്‍ ഉള്‍പ്പെടുത്തൽ എന്നിവയും പാലിക്കണം.
ലക്ഷണങ്ങൾ
തളര്‍ച്ച, പനി, ഉയര്‍ന്ന ശ്വാസോച്ഛ്വാസ നിരക്ക്, കിതപ്പ്, വായ തുറന്നുള്ള ശ്വസനം, വായില്‍നിന്ന് ഉമിനീര് വരല്, നുരയും പതയും വരല്, പൊള്ളിയ പാടുകള്‍ എന്നിവയാണ് സൂര്യാതപ ലക്ഷണങ്ങൾ. സൂര്യാതപമേറ്റാല്‍ ഉടനെ വെള്ളമൊഴിച്ച് നന്നായി നനക്കണം. കുടിക്കാന്‍ ധാരാളം വെള്ളം നല്‍കണം. ലക്ഷണങ്ങള്‍ കണ്ടാല്‍ വെറ്ററിനറി ഡിസ്പെന്സറിയില് ചികിത്സ തേടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.