'സൂപ്പർ ഷൈൻ' പാഞ്ഞു, പക്ഷേ, ആ ജീവൻ രക്ഷിക്കാനായില്ല
text_fieldsകോഴിക്കോട്: കുഴഞ്ഞുവീണ രോഗിയെ രക്ഷിക്കാൻ ശരവേഗത്തിൽ ബസ് കുതിച്ചെങ്കിലും പ്രയത്നങ്ങളെല്ലാം വിഫലമാക്കി പത്ഭനാഭൻ നായർ വിട പറഞ്ഞു. നരിക്കുനി -കോഴിക്കോട് റൂട്ടിൽ സർവിസ് നടത്തുന്ന കെ.എൽ 11 ബി.എൽ 3739 നമ്പർ സൂപ്പർ ഷൈൻ ബസാണ് ഡ്രൈവർ അജിനാസും കണ്ടക്ടർ രജിത്തും 'ആംബുലൻസ്' ആക്കിയത്.
ചൊവ്വാഴ്ച്ച രാവിലെ 8.05ഓടെയാണ് സംഭവം. മെഡിക്കൽ കോളജിനടുത്തുള്ള ബന്ധുവീട്ടിലെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ മലാപ്പറമ്പിൽനിന്നും ഭാര്യയോടൊപ്പമാണ് പറമ്പത്ത് ചാലിൽ സ്വദേശി പത്ഭനാഭൻ നായർ ബസിൽ കയറിയത്. മലാപ്പറമ്പ് ബൈപാസിൽ എയ്ഷർ ഷോറൂമിന് സമീപം ബസെത്തിയപ്പോൾ അദ്ദേഹം നിലത്ത് കുഴഞ്ഞുവീണു.
ഒപ്പമുണ്ടായിരുന്ന ഭാര്യ ബഹളം വെച്ചതോടെ ഡ്രൈവർ ഉടൻ ബസ് നിർത്തി. തങ്ങളുടെ കാര്യം നോക്കേണ്ടെന്നും ഉടൻ ആശുപത്രിയിൽ എത്തിക്കാമെന്നും യാത്രക്കാർ പിന്തുണ നൽകിയതോടെ കണ്ടക്ടറുടെ ഡബിൾ ബെൽ. സമയം െെവകിപ്പിക്കാതെ ബസ് കുതിച്ചു.
മലാപ്പറമ്പ്, ചേവരമ്പലം, ചേവായൂർ, കോവൂർ, മെഡിക്കൽ കോളജ് വഴിയാണ് ബസ് സാധാരണ കോഴിക്കോട് നഗരത്തിലേക്ക് പ്രവേശിക്കാറ്. എന്നാൽ, ചേവരമ്പലത്തുനിന്ന് ഇരിങ്ങാടൻപള്ളി ബെപാസിലൂടെ കോവൂർ കയറി ആറ് മിനിറ്റ്കൊണ്ട് മെഡിക്കൽ കോളജ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലെത്തി.
പക്ഷേ, അപ്പോഴേക്കും അദ്ദേഹം മരണത്തിന് കീഴടങ്ങിയിരുന്നു. പത്ഭനാഭൻ നായർ വിടപറഞ്ഞെങ്കിലും തങ്ങളാൽ കഴിയുന്നത് ചെയ്തെന്ന ആശ്വാസത്തിലാണ് അജിനാസും രജിത്തും. പറമ്പിൽ ബസാർ സ്വദേശിയായ അജിനാസ് ആംബുലൻസ് ഡ്രൈവർ കൂടിയാണ്. രജിത്ത് ചേളന്നൂർ സ്വദേശിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.