ഇല്ല, പോയിട്ടില്ല; കോഴിക്കോടിന്റെ കാൽപന്ത് പെരുമ
text_fieldsകോഴിക്കോട്: കോഴിക്കോട്ടുകാർക്ക് ഫുട്ബാളിനോട് കമ്പംകുറഞ്ഞെന്ന് പറഞ്ഞവർ കാണുക. സൂപ്പർ കപ്പിൽ ഇതുവരെ കണ്ട കോർപറേഷൻ സ്റ്റേഡിയമായിരുന്നില്ല ഞായറാഴ്ച രാത്രിയിൽ. 22,565 കാണികളാണ് കേരള ബ്ലാസ്റ്റേഴ്സ്-ബംഗളൂരു എഫ്.സി മത്സരം കാണാൻ ഒഴുകിയെത്തിയത്.
അവധി ദിവസമായതും മത്സരം രാത്രിയിലായതും കാണികളെ ആകർഷിക്കുന്നതിന് കാരണമായെങ്കിലും മുഖ്യ ആകർഷണം ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു. ഐ.എസ്.എല്ലിന്റെ നോക്കൗട്ടിൽ ബംഗളൂരുവിന്റെ സുനിൽ ഛേത്രിയുടെ വിവാദ ഗോളിൽ പ്രതിഷേധിച്ച് കോച്ച് ഇവാൻ വുകോമാനോവിച്ച് ടീമിനെയും വിളിച്ച് കളി പൂർത്തിയാക്കാതെ ഇറങ്ങിപ്പോന്നപ്പോൾ ആരാധകർ മനസ്സിൽ കുറിച്ച മത്സരമായിരുന്നു കോഴിക്കോട്ട് നടന്നത്.
ഓരോ ബ്ലാസ്റ്റേഴ്സ് നീക്കത്തിലും സ്റ്റേഡിയം മഞ്ഞക്കടലായി. കാണികൾ ആർത്തുവിളിച്ചു. മൊബൈൽ ഫോണിലെ ടോർച് തെളിച്ച് ടീമിന് ആവേശം പകർന്നു. 77ാം മിനിറ്റിൽ ക്യാപ്റ്റൻ ഡയമന്റകോസ് ദിമിത്രിയോസിന്റെ ഹെഡർ ബംഗളൂരു വലയിൽ പതിച്ചപ്പോൾ സ്റ്റേഡിയം പൊട്ടിത്തെറിച്ചു. പക്ഷേ, വിജയം മാത്രം അകന്നുപോയി.
ബംഗളൂരുവിനോട് കണക്കുതീർക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും സമനിലയിലാവുകയും സെമി കാണാതെ പുറത്താവുകയും ചെയ്തതിന്റെ നിരാശയിലാണ് കാണികൾ സ്റ്റേഡിയം വിട്ടത്. എങ്കിലും സമീപകാലത്ത് നടന്ന മത്സരങ്ങൾ കാണികളില്ലാത്ത കൽപടവുകൾക്കു മുന്നിലായപ്പോൾ ഞായറാഴ്ച വൻജനം ഒഴുകിയെത്തിയത് കോഴിക്കോടിന് കാൽപന്തു പെരുമ നഷ്ടമായിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു. നല്ല ടീമുകളും നല്ല കളികളും വന്നാൽ കോഴിക്കോട്ടുകാർ കളി കാണാൻ ഒഴുകിയെത്തുമെന്നുറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.