ഉപകരണങ്ങളുടെ വിതരണം നിർത്തി; കോഴിക്കോട് മെഡിക്കൽ കോളജിൽ ഹൃദ്രോഗ ചികിത്സ പ്രതിസന്ധിയിലേക്ക്
text_fieldsകോഴിക്കോട്: ഉപകരണങ്ങളുടെ വിതരണം നിര്‍ത്തിയതോടെ മെഡിക്കല്‍ കോളജ് കാത്ത് ലാബ് പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്. 145 കോടി രൂപ കുടിശ്ശികയുണ്ടെന്നും ഇത് നല്‍കണമെന്നുമാവശ്യപ്പെട്ട് വിതരണക്കാര്‍ സമരം തുടങ്ങിയതാണ് പ്രശ്നം. 2022 ഡിസംബര്‍ മുതല്‍ 2023 ഡിസംബര്‍വരെ 23 കോടി രൂപ വിതരണക്കാര്‍ക്ക് നല്‍കാനുണ്ടെന്നാണ് പറയുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാത്രം കണക്കാണിത്. മറ്റ് സ്ഥാപനങ്ങളിലും ഇതേവിധം കുടിശ്ശികയുണ്ട്. പണം നല്‍കിയില്ലെങ്കില്‍ വിതരണം നിര്‍ത്തിവെക്കുമെന്ന് കാണിച്ച് വിതരണക്കാര്‍ ആരോഗ്യവകുപ്പിന് മുമ്പ് കത്ത് നല്‍കിയിരുന്നെങ്കിലും നടപടിയായിരുന്നില്ല.
ഈ പാശ്ചാത്തലത്തിലാണ് ഏപ്രില്‍ ഒന്ന് മുതല്‍ വിതരണം നിര്‍ത്തിയത്. ഹൃദയ ചികിത്സയുടെ ഭാഗമായ പേസ്മേക്കര്‍, സ്റ്റെന്റ്, ബലൂണ്‍, വാല്‍വ് തുടങ്ങി വിവിധ ഉപകരണങ്ങളുടെ വിതരണം നിര്‍ത്തിയിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ പി.എസുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയെങ്കിലും നടപടിയുണ്ടായില്ല. തുക എന്ന് വിതരണം ചെയ്യുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയില്ലെന്ന് വിതരണക്കാര്‍ പറയുന്നു. സമരവുമായി മുന്നോട്ട് പോകാനാണ് വിതരണക്കാരുടെ തീരുമാനം. എന്നാൽ, ഇപ്പോൾ പ്രതിസന്ധിയില്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. അടുത്തയാഴ്ചക്കകം കുറച്ച് പണം എത്താന്‍ സാധ്യതയുണ്ടെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.