മൂന്ന് എ.എം.വി.ഐമാരുടെ സസ്പെൻഷന് പരിഹാരമായില്ല; ഇന്ന് ബാഡ്ജ് ധരിച്ച് പ്രതിഷേധം
text_fieldsകോഴിക്കോട്: മോട്ടോർ വാഹന വകുപ്പിലെ എ.എം.വി.ഐമാർ സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച പ്രതിഷേധ ബാഡ്ജ് ധരിച്ച് ജോലി ചെയ്യാൻ തീരുമാനം. കോഴിക്കോട് ആർ.ടി ഓഫിസിലെ എ.എം.വി.ഐമാരായ എ. ഷൈജൻ, എസ്. ശങ്കർ, വി.എസ്. സജിത്ത് എന്നിവരെ അന്യായമായി സസ്പെൻഡ് ചെയ്തെന്നും ഒമ്പതു മാസമായിട്ടും തിരിച്ചെടുക്കാത്തതിൽ പ്രതിഷേധിച്ചുമാണ് ബാഡ്ജ് ധരിച്ച് ജോലി ചെയ്യാൻ തീരുമാനം.
ട്രാൻസ്പോർട്ട് കമീഷണർ, മുഖ്യമന്ത്രി എന്നിവർക്കെല്ലാം നിവേദനം നൽകിയിട്ടും തിരിച്ചെടുക്കാൻ തയാറായില്ല. ഇതേ തുടർന്നാണ് പ്രക്ഷോഭ മാർഗങ്ങളിലേക്ക് നീങ്ങാൻ കഴിഞ്ഞ ദിവസം ചേർന്ന എ.എം.വി.ഐ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്.
എം.വി.ഐമാരുടെയും ഓഫിസേഴ്സ് അസോസിയേഷന്റെയും പിന്തുണയും തേടിയിട്ടുണ്ട്. ചാർജ് മെമ്മോകളിൽ സമയബന്ധിതമായി തീരുമാനമെടുത്ത് തീർപ്പുകൽപിക്കാതെ ഫയലുകൾ അനന്തമായി തടഞ്ഞുവെച്ച് എ.എം.വി.ഐമാർക്ക് അർഹതപ്പെട്ട പ്രമോഷനുകളും ഹയർ ഗ്രേഡുകളും നിഷേധിക്കുന്ന നടപടി അവസാനിപ്പിക്കുക, സർവിസ് മാനദണ്ഡങ്ങൾ പാലിക്കാതെ അന്യായമായി എക്സിക്യൂട്ടിവ് ജീവനക്കാർക്കെതിരെ ശിക്ഷാനടപടികൾ നിരന്തരം കൈക്കൊള്ളുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്.
മോട്ടോർ വാഹന വകുപ്പിലെ സസ്പെൻഷനുകൾ ചേരിതിരിവിന്റെയും പകപോക്കലിന്റെയും മാതൃകകളാകുന്നുവെന്ന് ഉദ്യോഗസ്ഥർക്കിടയിൽ വ്യാപകമായി ആക്ഷേപമുയർന്നിട്ടുണ്ട്.
സസ്പെൻഡ് ചെയ്യപ്പെട്ടാലും സ്വാധീനമുള്ളവർ ഉടൻതന്നെ നടപടികളിൽനിന്ന് രക്ഷപ്പെടുകയാണെന്നാണ് ആക്ഷേപം. 2022 സെപ്റ്റംബർ 19നാണ് ഗതാഗത കമീഷണർ മൂന്നു എ.എം.വി.ഐമാരെയും സസ്പെൻഡ് ചെയ്തത്. കുറ്റം എന്താണെന്നുപോലും അറിയാതെയാണ് മോട്ടോർ വാഹന വകുപ്പിൽ ചിലർക്ക് സസ്പെൻഷൻ ലഭിക്കുന്നതെന്നാണ് ആക്ഷേപം.
സസ്പെൻഡ് ചെയ്യപ്പെട്ട മൂന്നുപേർക്കെതിരെയും കാര്യമായ ഒരുകുറ്റവും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നു മേലുദ്യോഗസ്ഥർ പറയുമ്പോഴും ചിലരുടെ വീടുപോലും റെയ്ഡ് ചെയ്തിട്ടുണ്ട്. പരിശോധനയും നടപടികളും ചിലരെ ഉന്നംവെച്ചാണെന്നും ചിലരുടെ സ്ഥലംമാറ്റത്തിനുള്ള തന്ത്രമായും വിനിയോഗിക്കുകയാണെന്ന് സേനയിൽ ആക്ഷേപമുയരുകയാണ്.
എ.എം.വി.ഐമാർ പരിശോധിച്ച വാഹനങ്ങളുടെ ചില രേഖകൾ കടയിൽനിന്നു ലഭിച്ചു എന്നതായിരുന്നു ആക്ഷേപം. രേഖ എ.എം.വി.ഐ ഒപ്പിട്ട് രജിസ്റ്ററിൽ ചേർത്ത് ഓഫിസിൽ നൽകിയിരുന്നതാണ്. ഓഫിസിൽ കൊടുത്ത രേഖ എങ്ങനെ കടയിൽ എത്തിയെന്നതു സംബന്ധിച്ച ഒരു അന്വേഷണവും നടത്താതെയാണ് സസ്പെൻഡ് ചെയ്തതെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.