മോട്ടോർ വാഹന വകുപ്പിലെ സസ്പെൻഷനുകളും നടപടികളും വിവേചനപരമെന്ന് ആക്ഷേപം
text_fieldsകോഴിക്കോട്: മോട്ടോർ വാഹന വകുപ്പിലെ സസ്പെൻഷനുകൾ ചേരിതിരിവിന്റെയും പകപോക്കലിന്റെയും ഭാഗമാണെന്ന് ഉദ്യോഗസ്ഥർക്കിടയിൽ ആക്ഷേപം. സസ്പെൻഡ് ചെയ്യപ്പെട്ടാലും സ്വാധീനമുള്ളവർ ഉടൻതന്നെ നടപടികളിൽനിന്ന് വിടുതലാവുകയാണ്.
ചേവായൂർ ടെസ്റ്റിങ് ഗ്രൗണ്ടിന് എതിർവശത്തുള്ള കടയിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ചില രേഖകൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ആർ.ടി ഓഫിസിലെ മൂന്ന് എ.എം.വി.ഐമാരെ സസ്പെൻഡ് ചെയ്തതാണ് ആക്ഷേപത്തിനിടയാക്കുന്നത്.
2022 സെപ്റ്റംബർ 19നാണ് ഗതാഗത കമീഷണർ ഇവരെ സസ്പെൻഡ് ചെയ്തത്. എ.എം.വി.ഐമാർ പരിശോധിച്ച വാഹനങ്ങളുടെ ചില രേഖകൾ കടയിൽനിന്ന് ലഭിച്ചുവെന്നതായിരുന്നു ആക്ഷേപം. രേഖ എ.എം.വി.ഐ ഒപ്പിട്ട് രജിസ്റ്ററിൽ ചേർത്ത് ഓഫിസിൽ നൽകിയിരുന്നതാണ്. ഓഫിസിൽ കൊടുത്ത രേഖ എങ്ങനെ കടയിലെത്തിയെന്നതു സംബന്ധിച്ച ഒരു അന്വേഷണവും നടത്താതെയാണ് സസ്പെൻഡ് ചെയ്തത്.
സദുദ്ദേശ്യത്തോടെ വാഹനം പൊളിച്ചതുമായി ബന്ധപ്പെട്ട് തന്നെ സമീപിച്ച വ്യക്തിയുടെ കൈയിൽ നേരിട്ട് ഓഫിസിൽ കൊടുക്കുന്നതിനായി നൽകിയ റിപ്പോർട്ടിന്റെ പേരിലാണ് മറ്റൊരു എ.എം.വി.ഐക്ക് സസ്പെൻഷൻ. രജിസ്ട്രേഷൻ പുതുക്കുന്നതിനായി ഗ്രൗണ്ടിലെത്തിയ അപേക്ഷയിൽ മതിയായ രേഖകൾ ഇല്ലാത്തതിനാൽ അപേക്ഷകന് മടക്കിനൽകിയ രേഖകൾ സമീപത്തെ കടയിൽനിന്ന് പിടിച്ചുവെന്ന പേരിലാണ് ഒപ്പം സസ്പെൻഡ് ചെയ്യപ്പെട്ട മറ്റൊരാൾക്കെതിരെയുള്ള കുറ്റം.
ക്രമക്കേട് നടത്തുന്നവരെ ലക്ഷ്യംവെച്ചാണ് പരിശോധന നടക്കുന്നതെങ്കിലും ബലിയാടാകുന്നത് നിരപരാധികളാണെന്നാണ് ആക്ഷേപം. കുറ്റം എന്താണെന്നുപോലും അറിയാതെയാണ് ചിലർക്ക് സസ്പെൻഷൻ ലഭിക്കുന്നത്. ഇത് സേനയുടെ ആത്മവിശ്വാസം കെടുത്തുകയാണ്.
ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കാത്ത മിടുക്കരായ ഉദ്യോഗസ്ഥരാണ് പലരും നടപടികൾക്ക് വിധേയമാകുന്നതെന്നാണ് ഉദ്യോഗസ്ഥർക്കിടയിലെതന്നെ വിലയിരുത്തൽ. ഇവർക്കെതിരെ കാര്യമായ കുറ്റങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് മേലുദ്യോഗസ്ഥർ തന്നെ പറയുമ്പോഴും ചിലരുടെ വീടുപോലും റെയ്ഡ് ചെയ്തിട്ടുണ്ട്.
പരിശോധന ചിലരെ ഉന്നംവെച്ച് നടക്കുമ്പോഴും യഥാർഥ കുറ്റക്കാർ പിടിയിലാകുന്നില്ല. താൽക്കാലിക നടപടികളിലൂടെ സ്ഥലംമാറ്റത്തിനുള്ള തന്ത്രമായി വിനിയോഗിച്ച് വകുപ്പിനുള്ളിൽ ഒറ്റുകൊടുക്കലും സാർവത്രികമാവുകയാണെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.