സ്വിഫ്റ്റ് സ്ലീപ്പർ വരുമോ ഇല്ലയോ
text_fieldsകോഴിക്കോട്: കെ.എസ്.ആർ.ടി.സിയുടെ സ്വിഫ്റ്റ് ബസിൽ ബംഗളൂരുവിലേക്ക് പോകാൻ കോഴിക്കോട്ടുകാർ എത്ര കാത്തിരിക്കണം? സ്വിഫ്റ്റ് സർവിസ് തുടങ്ങിയിട്ട് രണ്ടു മാസം കഴിഞ്ഞിട്ടും എ.സി സ്ലീപ്പർ ബസുകൾ തുടങ്ങാൻ കെ.എസ്.ആർ.ടി.സി മടികാണിക്കുകയാണ്. ബംഗളൂരുവിലേക്ക് ഏറ്റവും കൂടുതൽ പേർ യാത്രചെയ്യുന്നത് കോഴിക്കോട്ടുനിന്നാണ്. ഇത് മുതലെടുക്കുന്നത് സ്വകാര്യ കോൺട്രാക്ട് കാര്യേജ് ബസുകളാണ്. വൻതുകയാണ് ഈ ബസുകൾ ഈടാക്കുന്നത്. തിരക്കുള്ള സമയത്തും ഉത്സവസീസണിലും നിരക്ക് കൂടും. നോൺ എ.സി ബസിൽ 2000 രൂപവരെ വാങ്ങുന്നവരുണ്ട്. പത്തിലേറെ സ്വകാര്യ ബസുകൾ എല്ലാ രാത്രിയിലും ബംഗളൂരുവിലേക്ക് ഓടുന്നുണ്ട്. കർണാടക ആർ.ടി.സിയുടെ സ്ലീപ്പർ ബസുകൾ വേറെയും. ഇവയിലെല്ലാം നിറയെ യാത്രക്കാരുമുണ്ട്.
എന്നാൽ, മികച്ച സൗകര്യങ്ങളുള്ള സ്വിഫ്റ്റിന്റെ ഗജരാജ സ്ലീപ്പറിൽ യാത്ര ചെയ്യാനുള്ള അവസരം കോഴിക്കോട്ടുകാർക്ക് ഇല്ല. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ ബംഗളൂരു യാത്രക്കാരുള്ള കോഴിക്കോട്ടുനിന്ന് സ്ലീപ്പർ തുടങ്ങാത്തത് സ്വകാര്യ ബസുകളെ സഹായിക്കാനാണെന്ന് ആക്ഷേപമുണ്ട്. ലഗേജും യാത്രക്കൂലിയുമടക്കം ലക്ഷങ്ങളാണ് ഇതുവഴി സ്വകാര്യ സർവിസുകാർ കൊയ്യുന്നത്.
കർണാടകയിലും കേരളത്തിലും ഉന്നതതല ബന്ധങ്ങളുള്ള സ്വകാര്യ ബസുകാരാണ് കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് സർവിസ് നടത്തുന്നത്.
ഏപ്രിലിൽ സ്വിഫ്റ്റ് സർവിസ് സംസ്ഥാനത്ത് തുടങ്ങിയപ്പോൾ നാല് എ.സി സിറ്റിങ് ബസായ ഗരുഡയും ഒരു നോൺ എ.സി ഡീലക്സുമാണ് കോഴിക്കോടിന് അനുവദിച്ചത്. ഇവക്ക് മികച്ച കലക്ഷനുണ്ട്. കൂടുതൽ ബസുകൾ ഉടനെത്തുമെന്നായിരുന്നു വിശദീകരണം. ബംഗളൂരുവിലേക്ക് ആവശ്യത്തിന് ട്രെയിനില്ലാത്തതിനാലും സൗകര്യപ്രദമായ സ്ഥലങ്ങളിൽ ഇറങ്ങാമെന്നതിനാലും ബസുകളെയാണ് കോഴിക്കോട് നിന്ന് കൂടുതൽ പേരും ആശ്രയിക്കുന്നത്. രാത്രിയാണ് യാത്രക്കാർ കൂടുതലുള്ളതെങ്കിലും നിലവിലെ ഗരുഡ സ്വിഫ്റ്റ് ബസുകളിൽ ഒരു ബസ് മാത്രമാണ് സൗകര്യപ്രദമായ സമയമായ രാത്രി പത്തുമണിക്കുള്ളത്.
രാവിലെ 8.30നും ഉച്ചക്ക് 12.00നും ഓടിക്കുന്നത് രാത്രിയിലേക്ക് മാറ്റാനും തയാറാകുന്നില്ല. തിരുവനന്തപുരത്തുനിന്ന് ഊട്ടിയിലേക്കും സ്വിഫ്റ്റ് സർവിസുണ്ട്. തമിഴ്നാട്ടിലെ ചേരൻ ട്രാൻസ്പോർട്ടടക്കമുള്ള ബസുകളാണ് കോഴിക്കോട്നിന്ന് ഊട്ടിക്ക് സർവിസ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.