താലൂക്ക് ആശുപത്രി കിടത്തിച്ചികിത്സ: ഡി.വൈ.എഫ്.ഐ ഇറങ്ങിപ്പോയി
text_fieldsനാദാപുരം: കിടത്തി ചികിത്സ നിഷേധ ആരോപണത്തെത്തുടർന്ന് നാദാപുരം താലൂക്ക് ആശുപത്രിയിൽ വിളിച്ചുചേർത്ത അനുരഞ്ജന യോഗത്തിൽനിന്ന് ഡി.വൈ എഫ്.ഐ പ്രതിനിധികൾ ഇറങ്ങിപ്പോയി. ജില്ല മെഡിക്കൽ ഓഫിസർ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയത്.
ഡി.എം.ഒ യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചതായി കഴിഞ്ഞ ദിവസം നടന്ന സമരത്തെത്തുടർന്നുള്ള ചർച്ചയിൽ ധാരണയായതായും ഡി.എം.ഒ പങ്കെടുക്കാതെ വിഷയങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കഴിയില്ലെന്ന് അറിയിച്ചുമാണ് പ്രവർത്തകർ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയത്.
നാദാപുരം ബ്ലോക്ക് പ്രസിഡൻറ് എ.കെ.ബിജിത്ത്, നാദാപുരം മേഖല സെക്രട്ടറി വിജേഷ്, പ്രസിഡൻറ് സജീഷ്, അമൽ എന്നിവർ പങ്കെടുത്തു . പിന്നാലെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, ടി.പി.ജസീർ എന്നിവരുടെ നേതൃത്വത്തിലെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉദ്യോഗസ്ഥർക്കുമുന്നിൽ ആശുപത്രി പ്രവർത്തനത്തിലെ താളപ്പിഴകൾക്കെതിരെ ശക്തമായി പ്രതിഷേധിച്ചു.
കഴിഞ്ഞ ദിവസം ആശുപത്രി സൂപ്രണ്ടിനെതിരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഉപരോധ സമരം നടത്തിയിരുന്നു. ഇതേത്തുടർന്ന് പ്രശ്നം ചർച്ച ചെയ്യാൻ ഉന്നത മെഡിക്കൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ യോഗം വിളിച്ചുചേർക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, യോഗത്തിൽ എം.എൽ.എക്കൊപ്പം എത്തിയത് ഡി.എം.ഒയുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ദിനേശനാണ്.
ഇതേത്തുടർന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ യോഗത്തിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. വർഷങ്ങൾക്കുമുമ്പ് താലൂക്ക് ആശുപത്രി പദവി നൽകിയെങ്കിലും ഡോക്ടർമാരുടെ അനുപാതം പഴയ നിലയിൽ തുടരുകയാണ്.
മറ്റു താലൂക്ക് ആശുപത്രികൾക്കുള്ള അംഗീകാരം നാദാപുരം ആശു പത്രിക്ക് ഇതുവരെ നൽകിയിട്ടുമില്ല. സ്ത്രീ, പുരുഷ വാർഡുകളിലായി 105 ബെഡുകൾ ഇവിടെയുണ്ടെങ്കിലും വാർഡുകൾ എപ്പോഴും ഒഴിഞ്ഞുകിടക്കുന്നതാണ് നിലവിലെ അവസ്ഥ.
രോഗികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ജനറൽ മെഡിസിൻ വിഭാഗത്തിൽ ഡോക്ടറുടെ തസ്തികയിലെ എണ്ണക്കുറവാണ് പ്രധാന പ്രശ്നം. മറ്റു സ്ഥലങ്ങളിൽ ഒന്നിൽ കൂടുതൽ ഡോക്ടർമാരുടെ സേവനം ഈ വിഭാഗത്തിന് ലഭ്യമാകുമ്പോൾ ഇവിടെ വർക്ക് അറേഞ്ച്മെന്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഒരാൾ മാത്രമാണുള്ളത്.
ഈ ഡോക്ടർ കഴിഞ്ഞ മാസം പത്തു ദിവസത്തോളം അവധിയിൽ പോയതോടെ കിടത്തിച്ചികിത്സ പൂർണമായും ഒഴിവാക്കേണ്ടിവന്നു. ഇതോടെ ആശുപത്രിയിൽ വാക്കേറ്റവും പരാതികളും പതിവായി. 2018 മുതൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ അധിക ഡോക്ടർ എന്ന ആവശ്യം ഉന്നയിച്ചുവരുകയാണെന്നും തസ്തിക നിർണയം സർക്കാർ അധികാര പരിധിയിൽപെട്ടതാണെന്ന് പറഞ്ഞു കൈമലർത്തുകയാണെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
അധിക തസ്തികക്ക് ശിപാർശ നൽകാൻ തീരുമാനം
നാദാപുരം: താലൂക്ക് ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗത്തിൽ അധിക തസ്തിക അനുവദിക്കാൻ ശിപാർശ ചെയ്യാൻ നാദാപുരം എം.എൽ.എ ഇ.കെ. വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. സർക്കാറിൽ ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എം.എൽ.എയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിലെ ഉന്നതരുടെ സഹായം തേടാനും തീരുമാനിച്ചു. ജില്ല മെഡിക്കൽ ഓഫിസറുടെ ചുമതല വഹിക്കുന്ന ഡോ. ദിനേശ് ആശുപത്രി സൂപ്രണ്ട് ഡോ. ജമീല, ഡോ. ഹാരിസ് , ഡോ.ജയേഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.