അധ്യാപക-വിദ്യാർഥി പോര്: കോഴിക്കോട് മെഡിക്കൽ കോളജിൽ വാർഡന്മാരുടെ കൂട്ടരാജി
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജിലെ അധ്യാപക -വിദ്യാർഥി പോരിന് മറ്റൊരു തലം നൽകി വാർഡന്മാരുടെ ചുമതലയുള്ള ഡോക്ടർമാർ വാർഡൻ സ്ഥാനത്തുനിന്ന് കൂട്ടമായി രാജിവെച്ചു. മെഡിക്കൽ കോളജ് എം.ബി.ബി.എസ് വിദ്യാർഥികളുടെ പുരുഷ- വനിത ഹോസ്റ്റലുകളായ മെൻസ് ഹോസ്റ്റൽ 2, ലേഡീസ് ഹോസ്റ്റൽ 2, 4, സീനിയർ റെസിഡൻറ്സ് ക്വാർട്ടേഴ്സ് (ലേഡീസ്), ഹൗസ് സർജൻസ് ക്വാർട്ടേഴ്സ് വാർഡന്മാർ, ചീഫ് വാർഡൻ എന്നിങ്ങനെ അഞ്ച് ഡോക്ടർമാരാണ് പ്രിൻസിപ്പലിന് രാജി സമർപ്പിച്ചത്.
റാഗിങ്ങിനും ലഹരി വിൽപനക്കുമെതിരെ നിലപാട് സ്വീകരിച്ച വാർഡന്മാർക്കെതിരെ ഒരുകൂട്ടം വിദ്യാർഥികളുടെ നേതൃത്വത്തിൽ ആശുപത്രിക്കകത്ത് വരെ കടന്ന് പ്രതിഷേധിക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളായ വാർഡന്മാരെയടക്കം അപകീർത്തിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് കൂട്ടരാജി. എല്ലാവരും രാജിക്കത്ത് പ്രിൻസിപ്പലിന് ഇ-മെയിലായാണ് അയച്ചത്.
ഡോക്ടർമാർ അവരുടെ നിശ്ചിത ജോലിക്ക് പുറത്ത് സ്വയം താൽപര്യമെടുത്ത് നിർവഹിക്കുന്നതാണ് വാർഡൻ ചുമതല. മെഡിക്കൽ കോളജിൽ വിദ്യാർഥികളും വാർഡന്മാരും തമ്മിലുള്ള പ്രശ്നം ദിവസങ്ങളായി പുകഞ്ഞുകൊണ്ടിരിക്കുകയാണ്.
ഡി.എം.ഇയുടെ ഉത്തരവ് പ്രകാരം രണ്ടാം വർഷ വിദ്യാർഥികളെ ഹോസ്റ്റൽ മാറ്റാൻ വന്ന വാർഡനെതിരെ വിദ്യാർഥികൾ ദേഹോപദ്രവം ഉൾപ്പെടെ ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് പ്രശ്നങ്ങൾ രൂക്ഷമായത്. വിദ്യാർഥികൾ കൂട്ടം ചേർന്ന് വാർഡുകളിലൂടെ പ്രകടനം നടത്തിയതിനെതിരെ സൂപ്രണ്ട് പരാതി നൽകി. വാർഡനെതിരെ വിദ്യാർഥികളും പൊലീസിൽ പരാതിപ്പെട്ടു.
ഹോസ്റ്റലിലെ റാഗിങ് മറയ്ക്കാനാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്ന് ഡോക്ടർമാരും ദേഹോപദ്രവം ഏൽപ്പിച്ച വാർഡൻ രാജിവെക്കണമെന്ന് വിദ്യാർഥികളും ആവശ്യപ്പെട്ടതോടെ സംഘർഷ സമാനമായ സാഹചര്യമായിരുന്നു നിലനിന്നത്. വ്യാഴാഴ്ച ചീഫ് വാർഡനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് വിദ്യാർഥികളും നിലപാടെടുത്തിരുന്നു.
അതേസമയം, റാഗിങ്ങിനും മയക്കുമരുന്നിനുമെതിരെ ശക്തമായ നടപടി സ്വീകരിച്ചവർക്കെതിരെയാണ് വിദ്യാർഥികൾ പ്രശ്നമുണ്ടാക്കുന്നതെന്നും വാർഡൻ ചുമതല ഒരുപ്രതിഫലവും ലഭിക്കുന്ന പണിയല്ലെന്നും ഡോക്ടർമാർ പറയുന്നു.
അതേസമയം വിദ്യാർഥിയെ ഹോസ്റ്റലിൽ കയറി മർദിച്ചതിന് ഡോ. സന്തോഷ് കുര്യാക്കോസിനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് പ്രതികൂലമാകുമെന്ന് മുൻകൂട്ടി കണ്ട് വിഷയത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് കോളജ് അധികൃതർ നടത്തുന്നതെന്ന് യൂണിയൻ ഭാരവാഹി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.