അധ്യാപക ദിനം :രാജലക്ഷ്മി ടീച്ചർക്ക് അധ്യാപനം സേവന പ്രവൃത്തി കൂടിയാണ്
text_fieldsബാലുശ്ശേരി: പഠനത്തോടൊപ്പം സേവനപ്രവർത്തനവും മുദ്രാവാക്യമാക്കി രാജലക്ഷ്മി ടീച്ചർ. ബാലുശ്ശേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ കോമേഴ്സ് അധ്യാപിക പി.എം. രാജലക്ഷ്മി ടീച്ചർക്ക് അധ്യാപനം എന്നുപറഞ്ഞാൽ സേവനപ്രവൃത്തി കൂടിയാണ്. ജീവകാരുണ്യ പ്രവൃത്തി മുതൽ കാർഷികവൃത്തിവരെയുള്ള സന്നദ്ധ പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിനു മാത്രമല്ല സ്കൂളിലെ എൻ.എസ്.എസ് വിദ്യാർഥികളെ സംഘടിപ്പിച്ച് പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവാർന്ന പ്രവർത്തനം കാഴ്ചവെക്കാനും രാജലക്ഷ്മി ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിന് കഴിഞ്ഞു. ഈ സേവന പ്രവർത്തനത്തിനുള്ള അംഗീകാരം കൂടിയായിരുന്നു 2020-21 വർഷം വി എച്ച്.എസ്. വിഭാഗത്തിൽ സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫിസറായി തിരഞ്ഞെടുക്കപ്പെട്ടത്.
1991 മുതൽ വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ താൽകാലിക അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് സ്ഥിരാധ്യാപികയായി ഈ വിഭാഗത്തിൽതന്നെ ജോലിചെയ്തു വരുകയാണ്. കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ടീച്ചർക്ക് വിരമിക്കാൻ ഇനി ഒരു വർഷം കൂടിയേയുള്ളു. സമൂഹത്തിലെ ദുരാചാരങ്ങൾക്കെതിരെ ശബ്ദമുയർത്താനും ടീച്ചർ മുന്നിലുണ്ടാവാറുണ്ട്.
ആദിവാസി കോളനി സന്ദർശനം, ഭിന്നശേഷി വിദ്യാർഥികളെ സഹായിക്കൽ, ദേശീയ പതാക നിർമാണം, പാടത്ത് വിതക്കാനും കൊയ്യാനും കുട്ടികളെ പഠിപ്പിക്കൽ എന്നീ പ്രവർത്തനങ്ങൾക്കും ഈ അധ്യാപിക നേതൃത്വം കൊടുത്തിട്ടുണ്ട്. പോളിയോ ബാധിതയായ റീനക്ക് പഠനത്തോടൊപ്പം പാലിയേറ്റിവ് സഹായങ്ങളടക്കം ടീച്ചറുടെ നേതൃത്വത്തിൽ മാസം തോറും നടന്നുവരുന്നുണ്ട്. റിട്ട. അധ്യാപകൻ കെ.കെ. മോഹൻ ദാസാണ് ഭർത്താവ്. സി. എ. കഴിഞ്ഞ അഖിൽ കൃഷ്ണയും കുവൈത്തിലുള്ള സ്നേഹയുമാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.