ഞെളിയൻപറമ്പിൽ സാങ്കേതിക സമിതി പരിശോധന
text_fieldsകോഴിക്കോട്: സോണ്ട കമ്പനിയുടെ നേതൃത്വത്തിൽ ഞെളിയൻപറമ്പിൽ നടക്കുന്ന മാലിന്യം നീക്കൽ കോർപറേഷൻ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. കോർപറേഷൻ സാങ്കേതികസമിതി സംഘമാണ് പരിശോധന നടത്തിയത്. മാർച്ച് 30ന് ചേർന്ന കോർപറേഷൻ കൗൺസിലിൽ പണി വൈകിപ്പിച്ചതിന് സോണ്ടക്ക് 38.85 ലക്ഷം പിഴ ചുമത്തുകയും പ്രവർത്തനം വിലയിരുത്താൻ സാങ്കേതികസമിതി രൂപവത്കരിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.
എൻ.ഐ.ടി എൻജിനീയർ, എംപനൽ ചെയ്ത വിദഗ്ധർ, കോർപറേഷൻ എൻജിനീയർമാർ തുടങ്ങിയവരുൾപ്പെട്ട സാങ്കേതികസമിതിയാണ് പരിശോധന നടത്തിയത്. സോണ്ട കമ്പനി നടത്തുന്ന ബയോമൈനിങ്, കാപ്പിങ് ജോലികളിൽ പുരാഗതിയുണ്ടെന്നാണ് സമിതിയുടെ വിലയിരുത്തൽ. മൊത്തം കണ്ടെത്തിയ 1.3 ലക്ഷം മെട്രിക് ടൺ മാലിന്യവും പൂർത്തിയായെന്നും ബാക്കി അധികമായി വന്ന അഞ്ചു ശതമാനമേ പൂർത്തിയാക്കാനുള്ളൂവെന്നുമാണ് സമിതിയുടെ കണ്ടെത്തൽ.
കാപ്പിങ് രണ്ടാംഘട്ടത്തിൽ പകുതിയോളം കഴിഞ്ഞിട്ടുണ്ട്. ബയോമൈനിങ്ങിന്റെ ഭാഗമായുള്ള ആർ.ഡി.എഫ് നീക്കം ചെയ്തിട്ടില്ല. യന്ത്രം ഒരാഴ്ച മുമ്പ് കൊണ്ടുവന്നെങ്കിലും പണി തുടങ്ങിയിട്ടില്ല. ജൂണിന് മുമ്പുതന്നെ കാപ്പിങ്ങിന്റെ പണി മൂഴുവൻ തീരുമെന്നാണ് കമ്പനിയുടെ അവകാശവാദം.
കരാർ കാലാവധി ഇനിയും നീട്ടി നൽകാൻ സാങ്കേതിക സമിതിയുടെ റിപ്പോർട്ട് കാരണമാവുമെന്ന് കരുതുന്നു. കോർപറേഷൻ കൗൺസിൽ യോഗമാണ് വീണ്ടും കരാർ കാലാവധി നീട്ടാനുള്ള തീരുമാനമെടുക്കേണ്ടത്.
അടുത്തയാഴ്ച കൗൺസിൽ യോഗം ചേരുന്നതിന് മുമ്പ് സാങ്കേതികസമിതി റിലപ്പോർട്ട് കൂടി പരിഗണനക്ക് വരും. പരിശോധന കൂടി നടന്നതോടെ പണി വേഗം തീർക്കാൻ സോണ്ടക്ക് മേൽ സമ്മർദം കൂടുമെന്ന് പ്രതീക്ഷിക്കുന്നു. 2019 ഡിസംബർ 10ന് സോണ്ട കമ്പനിയുമായി കരാറിലേർപ്പെട്ടെങ്കിലും പ്രവൃത്തി നീണ്ടുപോവുകയായിരുന്നു.
പ്രവൃത്തി വൈകിയെങ്കിലും ഇപ്പോൾ 80 ശതമാനതതിലേറെ പൂർത്തിയായ സ്ഥിതിക്ക് മറ്റൊരു കമ്പനിയെ തേടുന്നത് പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് കോർപറേഷൻ അധികൃതർ കരുതുന്നത്. 7.77 കോടിയുടേതാണ് സോണ്ടയുമായുള്ള കരാർ. 3.7 കോടി കമ്പനിക്ക് കൈമാറി. 6.5 ഏക്കർ സ്ഥലത്ത് മാലിന്യം നീക്കാനും 2.8 ഏക്കർ സ്ഥലത്ത് കാപ്പിങ് നടത്താനുമാണ് തീരുമാനം. അഞ്ചു തവണ ഇതിനകം പുതുക്കിയ കരാറാണ് ഇനിയും നീട്ടിനൽകാൻ ഏകദേശ ധാരണയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.