മാനാഞ്ചിറയിൽ താൽക്കാലിക കടനിർമാണം തുടങ്ങി:32 ലക്ഷത്തിന്റെ മുറികൾ പൊളിച്ച് 27 ലക്ഷത്തിന്റെ കടകളാണ് പണിയുക
text_fieldsകോഴിക്കോട്: കിഡ്സണ്‍ കോര്‍ണറില്‍ പഴയ സത്രം ബിൽഡിങ് പൊളിച്ച് പാര്‍ക്കിങ് പ്ലാസ നിര്‍മിക്കുന്നതിന്റെ ഭാഗമായി കടമുറികള്‍ ഒഴിഞ്ഞുകൊടുത്തവർക്കായി താൽക്കാലിക കടമുറികളുടെ നിർമാണം ആരംഭിച്ചു. നേരത്തേ കടക്കാര് 32 ലക്ഷം ചെലവിട്ട് പണിത കോണ്‍ക്രീറ്റ് കടമുറികള്‍ കോർപറേഷൻ പൊളിച്ചുനീക്കിയ മാനാഞ്ചിറ ലൈബ്രറിക്ക് മുന്നിൽ, ബഷീർ റോഡിനോട് ചേർന്നാണ് ഇരുമ്പു പൈപ്പുകൾ ഉപയോഗിച്ച് കടകളുടെ പണി തുടങ്ങിയത്.
താൽക്കാലിക സൗകര്യത്തിനായി 27 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു. 12 കടമുറികൾ പണിയാനാണ് തീരുമാനം. പി.എം. താജ് റോഡിൽ കിഡ്സണ്‍ കോര്‍ണറിലെ സത്രം കെട്ടിടം പൊളിച്ചിടത്താണ് പാര്‍ക്കിങ് പ്ലാസ വരുക. ബഷീർ റോഡിനോട് ചേർന്ന് കടകൾ പണിതശേഷം താജ് റോഡിലും കടകൾ നിർമിക്കും.
കോൺക്രീറ്റിൽ പണിത നിലവിലുള്ള താജ് റോഡിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി ആ സ്ഥലത്താണ് ഇരുമ്പുകൊണ്ടുള്ള കടകൾ പണിയുക. ഉറപ്പിലുള്ള കടകളായ സ്ഥിതിക്ക് ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ചവ പൊളിച്ച് വീണ്ടും ലക്ഷങ്ങൾ ചെലവിട്ട് കട പണിയുന്നതിൽ കച്ചവടക്കാർക്ക് എതിർപ്പുണ്ട്. എന്നാൽ, റോഡിൽ കോൺക്രീറ്റിട്ട് കെട്ടിടം പണിയുന്നത് അനധികൃതമാണെന്നും പൊളിച്ചുമാറ്റണമെന്നുമാണ് കോർപറേഷൻ നിലപാട്.
നാലെണ്ണം ലൈബ്രറിക്ക് മുന്നിലും എട്ടെണ്ണം താജ് റോഡിലും പണിയാനാണ് തീരുമാനമെങ്കിലും അതിന് സൗകര്യമൊരുക്കുക പ്രയാസമാവും. നിലവിലുള്ള 12 കടമുറികള്‍ ഒഴിഞ്ഞുകൊടുക്കേണ്ടി വരുമ്പോള്‍ അവര്‍ക്ക് താൽക്കാലിക സൗകര്യമൊരുക്കാനായിരുന്നു തീരുമാനം. വൈക്കം മുഹമ്മദ് ബഷീര്‍ റോഡില്‍ കോംട്രസ്റ്റിന് സമീപവും പി.എം. താജ് റോഡിലും താൽക്കാലിക കടമുറികള്‍ ഒരുക്കാനായിരുന്നു അനുമതി നല്‍കിയത്. കോംട്രസ്റ്റിന് സമീപം തിരക്കേറിയ റോഡിന് സമീപമുള്‍പ്പെടെ കോണ്‍ക്രീറ്റ് നിര്‍മിതികളാണ് നടത്തിയത്.
ആദ്യംതന്നെ ഇത് വിമര്‍ശനത്തിന് ഇടയാക്കിയെങ്കിലും രമ്യമായി പരിഹരിക്കാനുള്ള ശ്രമവും നടന്നു. എന്നാല്‍, പൊലീസ് റിപ്പോര്‍ട്ട് വരെ വന്നതോടെയാണ് കോണ്‍ക്രീറ്റ് നിര്‍മാണം പൊളിക്കാന്‍ കോർപറേഷൻ തയാറായത്. താൽക്കാലികമായി കെട്ടിയുണ്ടാക്കുന്നതിന് പകരം വലിയ നിര്‍മിതി നടത്തിയത് തങ്ങളറിയാതെയാണെന്നായിരുന്നു കോർപറേഷൻ വിശദീകരണം. 80 ശതമാനം പണി പൂര്‍ത്തിയായ നാല് കടമുറികള്‍ കോർപറേഷൻ ചെലവില്‍തന്നെ പൊളിച്ചു. ശേഷിക്കുന്നവ ഇപ്പോഴും താജ് റോഡിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.