ടെസ്റ്റ് മുടങ്ങി; ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ സമരം ആരംഭിച്ചു
text_fieldsകോഴിക്കോട്: ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് അശാസ്ത്രീയമായാണ് പരിഷ്കരിച്ചതെന്ന ആരോപണവുമായി ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ സമരം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ ചേവായൂർ ടെസ്റ്റ് ഗ്രൗണ്ടിൽ ടെസ്റ്റ് തുടങ്ങാനിരിക്കെ ഡ്രൈവിങ് സ്കൂളുകള്‍ ഉടമകൾ പ്രതിഷേധിച്ചതിനാല്‍ ടെസ്റ്റ് തടസ്സപ്പെട്ടു.
ഡ്രൈവിങ് ടെസ്റ്റും ഡ്രൈവിങ് പരിശീലനവും ബഹിഷ്കരിച്ചാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്. ടെസ്റ്റിനായി നിരവധിപേർ എത്തിയെങ്കിലും വാഹനമില്ലാത്തതിനാലും ടെസ്റ്റ് തടസ്സപ്പെടുത്തിയതിനാലും എം.വി.ഐമാരും എ.എം.വി.ഐമാരും തിരിച്ചുപോയി. സമരക്കാരോട് ഗ്രൗണ്ടിൽനിന്ന് മാറാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും ടെസ്റ്റ് നടത്താന്‍ സമരക്കാര്‍ അനുവദിച്ചില്ല.
മെഡിക്കൽ കോളജ് പൊലീസും സ്ഥലത്തെത്തിയിരുന്നു. ടെസ്റ്റ് നടക്കാത്തതിനാൽ അപേക്ഷകർക്ക് ഇനി മറ്റൊരു ദിവസമേ ടെസ്റ്റ് നടത്താനാകൂ. ഇതിന് ഇനി എന്നുവരെ കാത്തിരിക്കേണ്ടിവരുമെന്ന് അറിയില്ലെന്നും ഉദ്യോഗസ്ഥർപറഞ്ഞു. സമരം തുടരുമെന്ന് സി.ഐ.ടി.യു നേതാക്കൾ അറിയിച്ചു. 15 വർഷമായ വാഹനങ്ങൾ ഒഴിവാക്കണമെന്ന നിർദേശം ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഡ്രൈവിങ് സ്കൂൾ ഉടമകൾ പറഞ്ഞു.
മറ്റു പരിഷ്കാരങ്ങൾ സർക്കാർ ചെലവിൽ നടപ്പാക്കട്ടെയെന്നും സമരക്കാർ വ്യക്തമാക്കി. കൂടിയാലോചനകളില്ലാതെ മന്ത്രി ഏകപക്ഷീയമായി എടുത്ത തീരുമാനമാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്നാണ് ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ ആരോപിക്കുന്നത്. വലിയ പരിഷ്കാരം വരുത്തിയുള്ള മാറ്റം വ്യാഴാഴ്ച മുതലാണ് പ്രാബല്യത്തില്‍ വന്നത്.
ടെസ്റ്റിനായി അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെയാണ് പരിഷ്കാരങ്ങൾ കൊണ്ടുവന്നതെന്ന് സ്കൂൾ ഉടമകൾ പറയുന്നു. ടെസ്റ്റുകളുടെ എണ്ണം കുറക്കുന്നതും 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ഡ്രൈവിങ് പരിശീലനത്തിന് ഉപയോഗിക്കരുതെന്ന നിര്‍ദേശവുമാണ് ഉടമകളെ പ്രകോപിതരാക്കിയിരിക്കുന്നത്.
ഇതിനുപുറമെ പരിശീലിക്കുന്ന വാഹനത്തിനുള്ളിൽ കാമറയും ജി.പി.എസ് സംവിധാനവും നല്‍കണമെന്ന ആവശ്യത്തിനെതിരെയും പ്രതിഷേധമുയർന്നു. പരിഷ്കരണത്തിനായി ഇറക്കിയ സര്‍ക്കുലര്‍ തന്നെ റദ്ദാക്കണമെന്നാണ് സംയുക്ത സമര സമിതിയുടെ ആവശ്യം.
കോഴിക്കോട് ആർ.ടി.ഒക്കു കീഴിലെ ഫറോക്ക്, നന്മണ്ട, കൊടുവള്ളി ആർ.ടി.ഒ ഓഫിസുകൾക്കു കീഴിലും ടെസ്റ്റ് തടസ്സപ്പെട്ടു. വിവിധ യൂനിയൻ പ്രതിനിധികളായ മഷൂദ് ചെലവൂർ, പി. ബിനീഷ്, അസീസ് മുക്കം, ശിവപ്രസാദ്, റിയാസ് പയമ്പ്ര, വിപുൽ ഫറോക്ക്, എന്നിവർ സമരത്തിന് നേതൃത്വം നൽകി.
ഡ്രൈവിങ് സ്കൂളുകൾക്ക് തിരിച്ചടി
- കോഴിക്കോട്: ഡ്രൈവിങ് സ്കൂളുകൾക്ക് ടെസ്റ്റ് പരിഷ്കാരം തിരിച്ചടിയാകുന്നത് ഇങ്ങനെ:
- ഡ്രൈവിങ് സ്കൂളുകള്‍ കൊണ്ടുവരുന്ന കാറുകള്‍ക്ക് ഡാഷ് കാമറ നിര്‍ബന്ധം. ടെസ്റ്റും റെക്കോഡ് ചെയ്യണം. മെമ്മറി കാര്‍ഡ് ഉദ്യോഗസ്ഥർ വാങ്ങി വിഡിയോ സേവ് ചെയ്ത് സൂക്ഷിക്കണം
- -‘H’ നു പകരം പാര്‍ക്കിങ് ടെസ്റ്റും സിഗ്സാഗ് ഡ്രൈവിങ്ങും
- - ഓട്ടോമാറ്റിക് കാര്‍ ഉപയോഗിക്കാന്‍ പാടില്ല. പുതിയ ട്രാക്കുകൾ തയാറാകാത്തതിനാൽ എച്ച് ടെസ്റ്റ് തുടരും. റോഡ് ടെസ്റ്റിനു ശേഷമായിരിക്കും എച്ച് ടെസ്റ്റ് അനുവദിക്കുക. റോഡ് ടെസ്റ്റിലും മാറ്റം ഉണ്ടായിരിക്കും. ടാര്‍ ചെയ്തോ കോണ്‍ക്രീറ്റ് ചെയ്തോ സ്ഥലമൊരുക്കിയശേഷം വരകളിലൂടെ വാഹനം ഓടിക്കുക, ഡ്രൈവിങ്, വശം ചെരിഞ്ഞുള്ള പാര്‍ക്കിങ്, വളവുകളിലും കയറ്റിറക്കങ്ങളിലും വാഹനം ഓടിക്കൽ തുടങ്ങിയവയെല്ലാം റോഡ് ടെസ്റ്റിൽ ഉൾപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.