പരിശോധനാഫലം വൈകുന്നു; പോസിറ്റിവായ രോഗി നെഗറ്റിവായിട്ടും ആദ്യ ഫലം എത്തിയില്ല
text_fieldsപന്തീരാങ്കാവ്: കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിച്ചതോടെ മെഡിക്കൽ കോളജിൽനിന്ന് ആർ.ടി.പി.സി.ആറിെൻറ ഫലം എത്തുന്നത് ആഴ്ചയും പിന്നിട്ട്.
ജില്ലയിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഒളവണ്ണ, പെരുമണ്ണ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലെ പരിശോധനാ റിപ്പോർട്ടുകൾ വൈകുന്നത് രോഗം പടരാൻ കാരണമാവുന്നതായി ചൂണ്ടിക്കാട്ടപ്പെടുന്നു.
രണ്ടും മൂന്നും ദിവസം കഴിഞ്ഞിട്ടും പോസിറ്റിവായെന്ന റിപ്പോർട്ട് ലഭിക്കാത്ത, കാര്യമായ ലക്ഷണങ്ങളൊന്നുമില്ലാത്തവർ പുറത്തിറങ്ങി ദിവസങ്ങൾ കഴിയുമ്പോഴാണ് പോസിറ്റിവ് റിപ്പോർട്ട് ആരോഗ്യപ്രവർത്തകർ വിളിച്ചുപറയുന്നത്.
കഴിഞ്ഞദിവസം പെരുമണ്ണയിൽ ആർ.ടി.പി.സി.ആർ ചെയ്ത അമ്മയും മകളും റിസൽട്ട് അറിയാത്തതിനാൽ, ഞായറാഴ്ച മറ്റ് സ്വാധീനമുപയോഗിച്ച് മെഡിക്കൽ കോളജിൽ അന്വേഷിച്ചപ്പോഴാണ് പോസിറ്റിവാണെന്ന വിവരമറിയുന്നത്.
തിങ്കളാഴ്ച സ്വകാര്യ ലാബിലെത്തി നടത്തിയ പരിശോധനയിൽ ഇവർ നെഗറ്റിവായെന്ന് സ്ഥിരീകരിച്ചെങ്കിലും ഇവരുടെ ആദ്യ പോസിറ്റിവ് റിപ്പോർട്ട് അപ്പോഴും കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയിരുന്നില്ല. ഏപ്രിൽ 16ന് പരിശോധന നടത്തിയ പന്തീരാങ്കാവ് സ്റ്റേഷനിലെ ഒമ്പത് പൊലീസുകാർക്ക് പോസിറ്റിവ് റിസൽട്ട് വന്നത് 22നാണ്.
ഏറ്റവും കൂടുതൽ രോഗികളുള്ള ഒളവണ്ണയിലും പെരുമണ്ണയിലും രാപ്പകൽ ജോലി ചെയ്യുന്നതിനിടയിലാണ് ആറാം ദിവസം ഇവരുടെ റിസൽട്ട് വരുന്നത്. പിന്നെയും വൈകിയാണ് രണ്ട് പേർക്കുകൂടി രോഗം സ്ഥിരീകരിച്ചത്. ഇവരിലാർക്കും പേരിനുപോലും ലക്ഷണമുണ്ടായിരുന്നില്ല. ഒളവണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്ന് ആൻറിജെൻ ടെസ്റ്റ് നടത്തിയവരുടെ റിസൽട്ടും വൈകുന്നതായി പരാതി ഉയർന്നിട്ടുണ്ട്.
ഒരുമണിക്കൂറിനകം ലഭിക്കുന്ന ആൻറിജെൻ റിസൽട്ട് നെഗറ്റിവാണെന്ന് വിളിച്ചുപറഞ്ഞ ശേഷം അഞ്ച് ദിവസത്തിന് ശേഷം പോസിറ്റിവെന്ന് തിരുത്തിയ സംഭവവുമുണ്ട്. ആൻറിജെൻ റിസൽട്ട് പോലും ദിവസങ്ങൾ വൈകി അറിയിക്കുന്നത് വീട്ടിലെ മറ്റ് അംഗങ്ങളേയും അപകടത്തിലാക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.