ജോളിക്ക് സയനൈഡ് ലൈസൻസും എൻ.ഐ.ടിയിൽ ജോലിയുമില്ലെന്ന് സാക്ഷിമൊഴി
text_fieldsകോഴിക്കോട്: കൂടത്തായി കൂട്ടക്കൊല പരമ്പരയിൽ റോയ് തോമസ് വധക്കേസിൽ ഒന്നുമുതൽ മൂന്നു വരെ പ്രതികളായ ജോളിയാമ്മ തോമസ് എന്ന ജോളി, എം.എസ്. മാത്യു, പ്രജികുമാർ എന്നിവർക്ക് സയനൈഡ് കൈവശം വെക്കാനുള്ള ലൈസൻസില്ലായിരുന്നുവെന്ന് 73ാം സാക്ഷി കോഴിക്കോട് അസിസ്റ്റന്റ് ഡ്രഗ് കൺട്രോളറായിരുന്ന കെ. സുധീർകുമാർ മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജ് എസ്.ആർ. ശ്യാംലാൽ മുമ്പാകെ മൊഴി നൽകി. പ്രതികൾക്ക് തന്റെ ഓഫിസിൽ നിന്ന് ലൈസൻസ് നൽകിയിട്ടില്ലെന്ന് സപെഷൽ അഡീഷനൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ഇ. സുഭാഷിന്റെ വിസ്താരത്തിൽ അദ്ദേഹം മൊഴിനൽകി.
വിശദമായി രേഖകൾ പരിശോധിച്ചതിൽ പ്രതികൾക്കാർക്കും ഒരു കാലത്തും ലൈസൻസില്ലെന്ന് കണ്ടെത്തിയതായും കോടതിയെ അറിയിച്ചു. സുധീർകുമാറിനെ കൂടാതെ 75ാം സാക്ഷി എൻ.ഐ.ടി രജിസ്ട്രാറായിരുന്ന കേണൽ പങ്കജാക്ഷൻ, അസി. രജിസ്ട്രാറായിരുന്ന എസ്. ശരവണൻ, എൻ.ഐ.ടി കാന്റീനിൽ 20 കൊല്ലമായി ജോലിയെടുക്കുന്ന നേപ്പാൾ സ്വദേശി ഭീംരാജ് എന്നിവരുടെ വിസ്താരവും ചൊവ്വാഴ്ച പൂർത്തിയായി.
2000 മുതൽ പ്രതി ജോളി എൻ.ഐ.ടിയിൽ ഒരു തസ്തികയിലും ജോലിയെടുത്തിട്ടില്ലെന്ന് കേണൽ പങ്കജാക്ഷൻ മൊഴി നൽകി. 20 കൊല്ലമായി കാന്റീനിൽ ജോലി നോക്കുന്ന താൻ പലവട്ടം ജോളിയെ കാന്റീനിൽ കണ്ടതായി ഭീംരാജ് മൊഴി നൽകി. പല തവണ ഭക്ഷണം കഴിക്കാനും മറ്റുമായി വന്ന പ്രതിയെ സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു.
എൻ.ഐ.ടിയിൽ ജോലിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ജോളി കാന്റീനിലും മറ്റും വന്ന് തിരിച്ചുവരാറാണെന്നാണ് പൊലീസ് കേസ്. കേണൽ പങ്കജാക്ഷൻ രേഖകൾ പരിശോധിച്ച് തയാറാക്കിയ റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഹാജരാക്കിക്കൊടുത്തതിന് താൻ സാക്ഷിയാണെന്ന് അസി. രജിസ്ട്രാറായിരുന്ന എസ്. ശരവണനും കോടതിയെ അറിയിച്ചു. ഒന്നാം പ്രതിക്കുവേണ്ടി അഡ്വ. കെ.പി. പ്രശാന്ത് എതിർ വിസ്താരം നടത്തി. സാക്ഷി വിസ്താരം ബുധനാഴ്ച തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.