താമരശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട: പിടികൂടിയത് അഞ്ചര കിലോ കഞ്ചാവ്
text_fieldsതാമരശ്ശേരി: താമരശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട. വിൽപനക്ക് കൊണ്ടുവന്ന അഞ്ചര കിലോഗ്രാം കഞ്ചാവുമായി ഒരാളെ പൊലീസ് പിടികൂടി. പരപ്പൻപൊയിൽ പൂളക്കൽ വീട്ടിൽ ജയന്ത് (33) ആണ് പിടിയിലായത്.
ഞായറാഴ്ച രാത്രി ഏഴോടെ ചെക്ക്പോസ്റ്റിനു സമീപം വെച്ചാണ് ഇയാൾ പിടിയിലായത്. ജില്ലയിലെ ചെറുകിട കച്ചവടക്കാർക്കുവേണ്ടി മലപ്പുറം ജില്ലയിൽ നിന്നും എത്തിച്ചതാണ് കഞ്ചാവ്. വർഷങ്ങളായി വയനാട്, കോഴിക്കോട് ജില്ലകളിൽ കഞ്ചാവ് വിതരണം ചെയ്യുന്ന താമരശ്ശേരിയിലെ മയക്കുമരുന്ന് വിതരണക്കാരിൽ മുഖ്യ കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ആദ്യമായാണ് കഞ്ചാവുമായി പിടിയിലാവുന്നത്.
മയക്കു മരുന്നിന് അടിമയായ ഇയാൾ ജില്ലയിലെ ക്വട്ടേഷൻ, അബ്കാരി പ്രവർത്തനങ്ങളിലും പങ്കാളിയാണെന്നും വിവിധ കേസുകളിൽപെട്ട് നിരവധി തവണ ജയിലിൽ കിടന്നിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
15,000 രൂപക്ക് ഇയാൾ വാങ്ങുന്ന കഞ്ചാവ് 40,000 രൂപക്കാണ് വിൽക്കുന്നത്. താമരശ്ശേരി ഡിവൈ.എസ്.പി അഷ്റഫ് തെങ്ങിലക്കണ്ടി, നർകോട്ടിക് ഡിവൈ.എസ്.പി. അശ്വകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.