കാട്ടുപോത്ത് ആക്രമണത്തിൽ ഭിന്നശേഷി യുവാവിന് ഗുരുതരപരിക്ക്
text_fieldsതാമരശ്ശേരി: കട്ടിപ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഭിന്നശേഷി യുവാവിന് ഗുരുതരപരിക്ക്. അമരാട്മല അരീക്കരക്കണ്ടി ദാമോദരന്റെ മകന് റിജേഷിനാണ് (35) കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. റിജേഷിന് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലക്കും വയറിനുമാണ് കാട്ടുപോത്ത് കുത്തിപ്പരിക്കേല്പിച്ചത്. സംസാരശേഷിയില്ലാത്ത റിജേഷ് ശനിയാഴ്ച രാവിലെ എട്ടോടെ പിതാവിനൊപ്പം റബര്‍ ടാപ്പിങ്ങിന് പോയതായിരുന്നു. ഈ സമയത്താണ് കാട്ടുപോത്ത് റിജേഷിനെ ആക്രമിച്ചത്. പിന്നീട് പിതാവെത്തി ശബ്ദമുണ്ടാക്കി കാട്ടുപോത്തിനെ തുരത്തുകയായിരുന്നു.
കോഴിക്കോട് ഡി.എഫ്.ഒ അബ്ദുല്ലത്തീഫ് സ്ഥലം സന്ദർശിച്ചു. ഫോറസ്റ്റ് റേഞ്ചർ എം.കെ. രാജീവ് കുമാർ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ വിജയകുമാർ, ഹാരിസ് അമ്പായത്തോട്, ഷാൻ കട്ടിപ്പാറ, അസീസ് കട്ടിപ്പാറ, സി.പി. അബ്ദുള്ള തുടങ്ങിയവർ ഡി.എഫ്.ഒക്ക് ഒപ്പമുണ്ടായിരുന്നു.
ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ്
താമരശ്ശേരി: കട്ടിപ്പാറ അമരാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭിന്നശേഷിക്കാരനായ അരീക്കരകണ്ടി റിജേഷിന്റെ ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ ആവശ്യപ്പെട്ടു. വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലുമിറങ്ങി ആക്രമണം നടത്തുന്നതിന്റെ ഉത്തരവാദിത്തം വനംവകുപ്പിനാണ്.
വന്യമൃഗങ്ങള്‍ക്ക് യാതൊരു പരിരക്ഷയും നല്‍കരുത്. വന്യമൃഗങ്ങളില്‍നിന്നും ജനങ്ങള്‍ക്കും അവരുടെ സ്വത്തുക്കള്‍ക്കും വനാതിര്‍ത്തിയില്‍ സംരക്ഷണമൊരുക്കണമെന്ന് ഹൈകോടതി 2021ല്‍ വനംവകുപ്പിനോട് ആവശ്യപ്പെട്ടത് നടപ്പിലാക്കണമെന്നും കർഷക കോൺഗ്രസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.