സമ്മിശ്ര ജൈവകൃഷിയിലൂടെ വിജയഗാഥ രചിച്ച് അബ്ദുല്‍ അസീസ്
text_fieldsതാമരശ്ശേരി: സമ്മിശ്ര കൃഷിയിലൂടെ വിജയഗാഥ രചിച്ച് മാതൃകയാകുകയാണ് താമരശ്ശേരി പി.സി മുക്ക് മാളിയേക്കല്‍ അബ്ദുല്‍ അസീസ്. സ്വന്തമായുള്ള അര ഏക്കര്‍ ഭൂമിയിലാണ് ജൈവകൃഷിയില്‍ നൂറുമേനി വിളയിക്കുന്നത്. വിവിധയിനം നാടന്‍ വാഴകള്‍, മത്തന്‍, ഇളവന്‍, വെണ്ട, തക്കാളി, പച്ചമുളക്, പപ്പായ, പയര്‍, കൈപ്പക്ക, തണ്ണിമത്തന്, ജര്‍ജീല്‍, ചീര തുടങ്ങിയവക്കുപുറമെ കോഴി, മീന്‍ വളര്‍ത്തലിലും നേട്ടം കൊയ്യുകയാണ് ഇദ്ദേഹം. സ്വന്തം ആവശ്യത്തിനും വിപണനത്തിനും പച്ചക്കറി ലഭിക്കുന്നുണ്ട്. ജൈവ പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളയിച്ച് മികച്ച കര്‍ഷകനുള്ള അവാര്‍ഡുകളും അസീസിനെ തേടിയെത്തിയിട്ടുണ്ട്.
നാട്ടില്‍നിന്നുള്ള അത്യുല്പാദന ശേഷിയുള്ള വിത്തിനങ്ങളും വിദേശത്തു നിന്ന് എത്തിക്കുന്ന വിത്തുകളുമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. ഇടവിളകളായി വിദേശത്ത്നിന്ന് എത്തിച്ച ജര്‍ജീര്‍, സുഗന്ധ വിളയായ അബ്ബക്ക് എന്നിവയും കൃഷി ചെയ്യുന്നുണ്ട്. കരിങ്കോഴികളും താറാവുകളും കൃഷിയിടത്തിലെ ആകര്‍ഷണങ്ങളാണ്. സമ്മിശ്ര കൃഷിയുടെ പരിപാലനത്തിന് വേണ്ട നിർദേശങ്ങളും സഹായങ്ങളും താമരശ്ശേരി കൃഷി ഓഫീസര്‍ ഷബീനയും മറ്റു ഉദ്യോഗസ്ഥരും കൃത്യമായി നല്‍കുന്നുണ്ടെന്ന് അസീസ് പറയുന്നു. രണ്ടു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ആധുനിക മത്സ്യ വളര്‍ത്തുകേന്ദ്രം തുടങ്ങിയത്. വെള്ളത്തില്നിന്നുതന്നെ നൂതന സംവിധാനമുപയോഗിച്ച് മത്സ്യങ്ങള്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്ന രീതിയും വെള്ളം ശുദ്ധീകരിക്കാനുള്ള രീതിയുംക്രമീകരിച്ചിട്ടുണ്ട്. വെള്ളത്തില്‍ ഉപ്പുരസം അടങ്ങിയതിനാല്‍ കടലില്വളരുന്ന എല്ലാ മത്സ്യങ്ങളെയും ഇതില്‍ വളര്‍ത്താന്‍ കഴിയുമെന്ന് അസീസ് പറയുന്നു.
മറ്റു വളര്‍ത്തുമത്സ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി രുചിയുള്ള മത്സ്യം ഉൽപാദിപ്പിക്കാനും കഴിയും. 1500ഓളം മത്സ്യങ്ങളെ വളര്‍ത്താന്‍ സൗകര്യമുള്ള പ്രത്യേക ടാങ്ക് ആണ് നിർമിച്ചിരിക്കുന്നത്. മത്സ്യകൃഷിയില്‍ ആറുമാസം കൊണ്ട് മത്സ്യം വിളവെടുക്കാന്‍ സാധിക്കുന്നുണ്ട്.
കൊയിലാണ്ടി- താമരശ്ശേരി സംസ്ഥാനപാതയില്‍ കോരങ്ങാട് ഗവ. ഹൈസ്കൂളിനു മുന്‍ വശത്തെ കൃഷിയിടത്തില്‍ ഇപ്പോള്‍ നല്ല തിരക്കാണ്. വിഷരഹിത പച്ചക്കറികളും മത്സ്യങ്ങളും വാങ്ങാന്‍ ദൂരെ സ്ഥലങ്ങളില്‍ നിന്നുപോലും ആവശ്യക്കാര്‍ എത്തിത്തുടങ്ങിയതോടെ, കൃഷി പരീക്ഷണങ്ങള്‍ വിജയിച്ചതിെൻറ സംതൃപ്തിയിലാണ് മാളിയേക്കല്‍ അസീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.