മാലിന്യസംസ്കരണ പ്ലാൻറിനെതിരെ സമരം അവസാനിപ്പിക്കാൻ ധാരണ
text_fieldsതാമരശ്ശേരി: പുതുപ്പാടി കൊട്ടാരക്കോത്ത് ഞാറ്റുംപറമ്പിൽ പ്രദേശത്ത് ആരംഭിക്കാൻ തയാറെടുത്തിരുന്ന ഭാരത് ഓർഗാനിക് ഫെർടിലൈസർ എന്ന കോഴി അറവുമാലിന്യ സംസ്കരണ പ്ലാന്റിനെതിരെയുള്ള ജനകീയസമരം അവസാനിപ്പിക്കാൻ ധാരണയായതായി സമര സമിതി ഭാരവാഹികൾ അറിയിച്ചു.
ലിന്റോ ജോസഫ് എം.എൽ.എയുടെ സാന്നിധ്യത്തിൽ ജില്ല കലക്ടർ ഗീതയുടെ അധ്യക്ഷതയിൽ പ്ലാന്റ് അധികൃതരുമായും സമരസമിതിയുമായും നടത്തിയ ചർച്ചയെ തുടർന്നാണ് പ്ലാന്റ് ഈ പ്രദേശത്ത് നിന്നും മാറ്റാൻ തീരുമാനമായത്.
ദിവസങ്ങൾക്ക് മുമ്പ് അനുകൂല കോടതിവിധിയുമായി പ്ലാന്റ് തുറക്കാൻ ശ്രമിച്ചത് പ്രദേശവാസികൾ കൂട്ടമായെത്തി തടഞ്ഞിരുന്നു. പലപ്പോഴും പ്ലാന്റ് അധികൃതരും സമരസമിതി പ്രവർത്തകരും തമ്മിൽ സംഘർഷവുമുണ്ടായിരുന്നു. അറവുമാലിന്യ സംസ്കരണകേന്ദ്രം പ്രവർത്തിക്കാൻ ഒരു തരത്തിലും അനുവദിക്കില്ലെന്ന ഉറച്ചനിലപാടിലായിരുന്നു എല്ലാ പ്രധാന രാഷ്ട്രീയപാർട്ടികളും അടങ്ങിയ സമരസമിതി. ജൂലൈ 10 മുതൽ മുഴുനീള ഇരുപ്പ് സമരം 28 ദിവസം പൂർത്തിയാക്കിയപ്പോഴാണ് പ്ലാന്റുടമകൾ പിൻമാറുന്നത്. അനുരഞ്ജന ചർച്ചയിൽ സമരസമിതിയെ പ്രതിനിധീകരിച്ച് പുതുപ്പാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഷംസീർ പോത്താറ്റിൽ, ഗ്രാമപഞ്ചായത്ത് അംഗം കെ.ജി. ഗീത, എം.ഇ. ജലീൽ, ഷാഫി വളഞ്ഞപ്പാറ, ചരൺകുമാർ, രാജൻ നമ്പൂരിക്കുന്ന്, പ്ലാന്റ് മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് അബ്ദുൽ സലാം, ഇർഷാദ്, മുഹമ്മദ് കോയ, താമരശ്ശേരി തഹസിൽദാർ സുബൈർ, താമരശ്ശേരി ഡിവൈ.എസ്.പി ടി.കെ. അഷ്റഫ് എന്നിവർ പങ്കെടുത്തു.
സമരം വിജയം കണ്ടതിനാലാണ് അവസാനിപ്പിക്കുന്നത് സമരസമിതി ഭാരവാഹികൾ അറിയിച്ചു. സമരം പിരിച്ച് വിടൽ സംഗമത്തിൽ വാർഡ് മെംബർ കെ.ജി. ഗീത സ്വാഗതം പറഞ്ഞു. ഷംസീർ പോത്താറ്റിൽ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ. ബാബു, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സി.കെ. കാസിം, പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് ആയിഷ ബീവി, ജില്ല പഞ്ചായത്ത് അംഗം അംബിക മംഗലത്ത്, ബിജു താന്നിക്കാകുഴി, കെ.സി. വേലായുധൻ, ഷാഫി വളഞ്ഞപാറ, എം.ഇ. ജലീൽ, രാജേഷ് ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബുഷ്റ ഷാഫി, മെഹ്റൂഫ്, നജ്മുനിസ ഷരീഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.