ഇഴഞ്ഞു നീങ്ങി പാലംപണി; പൊടിയിൽ മുങ്ങി നാട്ടുകാർ
text_fieldsതാമരശ്ശേരി: ദേശീയപാതയിൽ അടിവാരത്തെ പാലം പണി മാസങ്ങളായിട്ടും പൂർത്തിയായില്ല. വെയിൽ ശക്തമായതോടെ പൊടിശല്യം കൊണ്ട് പൊറുതിമുട്ടുകയാണ് ഇവിടത്തെ വ്യാപാരികളും നാട്ടുകാരും. കഴിഞ്ഞ മഴക്കാലത്തിനു മുമ്പ് തുടങ്ങിയതാണ് അടിവാരത്ത് ചുരം തുടങ്ങുന്നതിന് മുമ്പുള്ള സ്ഥലത്തെ ദേശീയപാതയിലെ പാലം നിർമാണം. മഴ പെയ്തതോടെ പാലംപണി മുടങ്ങി.
പിന്നീട് രണ്ട് മാസം മുമ്പാണ് ഒരു ഭാഗത്തെ പാലത്തിന്റെ പണി പൂർത്തിയായത്. തുടർന്ന് മറു ഭാഗത്ത് പാലത്തിന്റെ പ്രവൃത്തിയുടെ കോൺക്രീറ്റ് രണ്ടാഴ്ച മുമ്പാണ് നടന്നത്.
മാർച്ച് മൂന്നാം തീയതി വാഹനങ്ങൾക്കായി പാലം തുറന്ന് കൊടുക്കുമെന്നാണ് അധികൃതർ പറയുന്നത്. ഇപ്പോൾ പാലം പ്രവൃത്തിയുടെ ഭാഗമായി പാലത്തിന്റെ ഇരുവശങ്ങളിലും ഇട്ട പാറപ്പൊടിയാണ് ശല്യമുണ്ടാക്കുന്നത്.
തുടർച്ചയായി വാഹനങ്ങൾ പ്രവഹിക്കുന്ന ദേശീയപാത പൊടിയിൽ നിറയുന്നത് ഇവിടെയെത്തുന്നവർക്കെല്ലാം ദുരിതമാകുകയാണ്. ഇതിന് പരിഹാരമായി ദേശീയപാതയുടെ ഈ ഭാഗങ്ങൾ ഉടൻ ടാർ ചെയ്യണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം. കഴിഞ്ഞ സെപ്റ്റംബറിൽ പൂർത്തിയാകേണ്ട പാലം പണിയാണ് നീളുന്നത്. കരാർ ഏറ്റെടുത്തവരുടെ അനാസ്ഥയാണ് പാലം പണി നീളാൻ കാരണമെന്നാണ് ആക്ഷേപം. നാഥ് കൺസ്ട്രക്ഷൻസാണ് പാലം പണി നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.