ലഹരി മാഫിയ അക്രമം; ഒരാൾ കൂടി പിടിയിൽ
text_fieldsതാമരശ്ശേരി: താമരശ്ശേരിക്കടുത്ത് കുടുക്കിലുമ്മാരത്ത് വ്യാപാരിയെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതി പിടിയിൽ. കുടുക്കിലുമ്മാരം കയ്യേലിക്കൽ ചുരുട്ട അയ്യൂബ് എന്ന അയ്യൂബാണ് (35) പിടിയിലായത്.
സംഭവത്തിനുശേഷം കർണാടകയിൽ ഒളിവിൽ കഴിഞ്ഞ പ്രതി നാട്ടിലെത്തി പണം സംഘടിപ്പിച്ച് വീണ്ടും മൈസൂരുവിലേക്ക് കടക്കുന്നതിനിടെയാണ് താമരശ്ശേരി ചുരത്തിൽ പിടിയിലായത്. ഇക്കഴിഞ്ഞ 18ന് അയ്യൂബിന്റെ ബന്ധുവിന്റെ വിവാഹവീട്ടിൽവെച്ച് പ്രതികൾ നാട്ടുകാരുമായി വാക്കേറ്റത്തിലേർപ്പെട്ടിരുന്നു.
അതേപോലെ മാസങ്ങൾക്കുമുമ്പ് കൂരിമുണ്ടയിൽ ഇതേ സംഘം നാട്ടുകാരെ ആക്രമിക്കുകയും വിവരമറിഞ്ഞെത്തിയ പൊലീസ് ജീപ്പ് തകർക്കുകയും ചെയ്തിരുന്നു. അന്ന് സംഭവം അറിഞ്ഞുവന്ന വാടിക്കൽ ഇർഷാദ് എന്നയാളെയും അക്രമികൾ വെട്ടിപ്പരിക്കേൽപിച്ചിരുന്നു. 18ന് വിവാഹ വീട്ടിൽ നാട്ടുകാരുമായി വാക്കുതർക്കമുണ്ടാക്കിയ പ്രതികൾ വൈകീട്ട് ഏഴോടെ കത്തിയുമായെത്തി ആദ്യം പ്രദേശവാസിയായ നവാസിനെ കടയിൽ കയറി വെട്ടുകയായിരുന്നു.
കഴുത്തിനു വെട്ടിയത് നവാസ് തടഞ്ഞപ്പോൾ കൈപ്പത്തിക്ക് ഗുരുതര പരിക്കേൽക്കുകയും നവാസ് ഓടിരക്ഷപ്പെടുകയുമായിരുന്നു. നാട്ടുകാരനായ മാജിദിന്റെ വീട്ടിലുമെത്തി വാതിൽ തകർത്ത് മാജിദിനെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. നാട്ടുകാർ ഓടിയെത്തിയതോടെ പിൻവാങ്ങിയ സംഘം ജവാദ്, അബ്ദുൽ ജലീൽ എന്നിവരുടെ വീടുകളിലും അക്രമം നടത്തിയ ശേഷം സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു.
കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ സംഘത്തിൽ പെട്ടവരാണ് പ്രതികളെന്ന് അറസ്റ്റ് ചെയ്ത താമരശ്ശേരി ഇൻസ്പെക്ടർ കെ.ഒ. പ്രദീപ് പറഞ്ഞു. എസ്.ഐമാരായ സജേഷ് സി.ജോസ്,രാജീവ് ബാബു, സീനിയർ സി.പി.ഒമാരായ ജയരാജൻ എൻ.എം, ജിനീഷ്.പി.പി,രഘു, സൂരജ്, ജിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.