ചാരായവുമായി പിടിച്ചയാളെ എക്സൈസ് അധികൃതർ ഏറ്റെടുത്തില്ല; ഒരുരാത്രി മുഴുവൻ വലഞ്ഞ് വനപാലകർ
text_fieldsതാമരശ്ശേരി: ചാരായവുമായി പിടിച്ചയാളെ എക്സൈസ് അധികൃതർ ഏറ്റെടുക്കാത്തത് കാരണം ഒരുരാത്രി മുഴുവൻ വലഞ്ഞ് വനപാലകർ. പുതുപ്പാടി കാക്കവയൽ കക്കാട് റോഡിൽ വെച്ച് ചൊവ്വാഴ്ച വൈകീട്ട് ആറോടെ പുതുപ്പാടി സെക്ഷനിലെ വനപാലകർ പുതുപ്പാടി മൈലള്ളാംപാറ ശാശ്ശേരി വർഗീസിനെ (63) ഒരുലിറ്ററോളം ചാരായവുമായി പിടികൂടിയിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം താമരശ്ശേരി എക്സൈസ് റേഞ്ച് ഓഫിസിലെത്തിച്ചെങ്കിലും വൈദ്യപരിശോധനക്ക് ആവശ്യപ്പെട്ടു.
തുടർന്ന് വനപാലകർ വൈദ്യപരിശോധനക്ക് ശേഷം രാത്രി ഒമ്പതിന് ഹാജരാക്കിയെങ്കിലും എക്സൈസ് ഉദ്യോഗസ്ഥർ ഏറ്റെടുത്തില്ല. അന്വേഷിച്ചശേഷം ബുധനാഴ്ച രാവിലെ പ്രതിയെ ഏറ്റെടുക്കാമെന്നാണ് ഉന്നത പൊലീസുദ്യോഗസ്ഥർ അറിയിച്ചതെന്ന് മറുപടി നൽകി. സംഭവത്തിൽ ആർ.എഫ്.ഒ ഉന്നത എക്സൈസ് ഉദ്യോഗസ്ഥരെയും താമരശ്ശേരി പൊലീസിലും ബന്ധപ്പെട്ടെങ്കിലും തുടർ നടപടിയുണ്ടായില്ല.
മുമ്പ് കസ്റ്റഡി മർദനത്തിന് ആർ.എഫ്.ഒക്കെതിരെ കേസ് കൊടുത്ത് തടവുശിക്ഷ വാങ്ങിച്ചുകൊടുത്തയാളായിരുന്നു വർഗീസ്. ഈ കേസ് ഇപ്പോഴും േകാടതിയുടെ പരിഗണനയിലുള്ളതാണ്. കുറ്റാരോപിതനായ വർഗീസിനെയും തൊണ്ടിമുതലുമായി എക്സൈസ് ഓഫിസിന് മുന്നിൽ വനപാലകർ രാത്രി തമ്പടിച്ചു. വർഗീസിെൻറ ബന്ധുക്കളും സംഭവസ്ഥലത്ത് നിലയുറപ്പിച്ചു.വനപാലകർ അന്യായമായി നിരപരാധിയെ കസ്റ്റഡിയിലെടുത്തെന്നാരോപിച്ച് ജനപ്രതിനിധികളും വിവിധ കർഷകസമിതി ഭാരവാഹികളും നാട്ടുകാരും പ്രതിഷേധവുമായി എത്തി.
അതിനിടെ ബുധനാഴ്ച രാവിലെ ഒമ്പതോടെ വീണ്ടും വർഗീസിനെ എക്സൈസ് ഓഫിസിൽ ഹാജരാക്കിയെങ്കിലും ഉന്നത ഉദ്യോഗസ്ഥരെത്തുന്നതുവരെ കാത്തുനിൽക്കണമെന്നായിരുന്നു മറുപടി. എക്സൈസ് അസി. കമീഷണർമാരായ എം. സുഗുണൻ, വൈ. ഷിബു എന്നിവർ താമരശ്ശേരി എക്സൈസ് ഓഫിസിലെത്തി പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആയിഷക്കുട്ടി സുൽത്താൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും നാട്ടുകാരും മറ്റുമായി ചർച്ച നടത്തി.
ഒടുവിൽ എക്സൈസിെൻറ സ്വന്തം നിലയിലുള്ള അന്വേഷണത്തിന് ശേഷം കുറ്റക്കാരനെന്ന് കണ്ടെത്തിയാലേ കേസെടുക്കൂവെന്ന് എക്സൈസ് കമീഷണർമാർ വിശദീകരിച്ചു. പിന്നീട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തെളിവെടുപ്പ് നടത്തി. വർഗീസിെൻറ മൊഴി രേഖപ്പെടുത്തി. വൈകുന്നേരത്തോടെ അബ്കാരി നിയമ പ്രകാരം കേസെടുത്ത് താൽക്കാലികമായി വിട്ടയച്ചതായി എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചതോടെയാണ് 24 മണിക്കൂർ നീണ്ട നാടകീയ രംഗങ്ങൾക്ക് വിരാമമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.