എ.കെ. മൊയ്തീൻ മാസ്റ്ററെ 11ന് ആദരിക്കും
text_fieldsതാമരശ്ശേരി: അധ്യാപന രംഗത്ത് 57 വർഷം പിന്നിടുന്ന എ.കെ. മൊയ്തീൻ മാസ്റ്ററെ പൂനൂർ സൗഹൃദവേദിയും എം.ജെ.എച്ച്.എസ്.എസ് പൂർവവിദ്യാർഥികളും ചേർന്ന് ആദരിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മേയ് 11 ശനിയാഴ്ച വൈകീട്ട് അഞ്ചിന് പൂനൂർ ചീനിമുക്കിൽ പി.പി.അബ്ദുറഹിമാൻ മാസ്റ്റർ നഗറിലാണ് പരിപാടി. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, മാധ്യമ, കലാരംഗത്തെ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും.
മൊയ്തീൻ മാസ്റ്റർ ദീർഘകാലം അധ്യാപകനായി ജോലി ചെയ്ത എം.ജെ. ഹൈസ്കൂളിൽ നിന്ന് വൈകിട്ട് 4.30ന് പൂനൂർ വരെ ബാന്റ് മേളത്തോടെ ആനയിച്ചു കൊണ്ടു വരും. ശേഷം ചീനിമുക്കിൽ തുറന്ന വേദിയിൽവെച്ച് നടക്കുന്ന ചടങ്ങ് നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ പി.കെ. പാറക്കടവ് മുഖ്യ പ്രഭാഷണം നടത്തും. എ.കെ. മൊയ്തീൻ മാസ്റ്ററെ കുറിച്ചുള്ള ഓർമകളും വിദ്യാഭ്യാസ സംവാദവും ഉൾപ്പെടുത്തിയ, മാധ്യമ പ്രവർത്തകൻ മുജീബ് ചോയിമഠം ചീഫ് എഡിറ്ററായ ‘ഗുരുദക്ഷിണ’ എന്ന പേരിലുള്ള സോവനീറും ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്യും. ചടങ്ങിനോടനുബന്ധിച്ച് ഗാനവിരുന്നും ഒരുക്കുന്നുണ്ട്.
സംഘാടക സമിതി ചെയർമാൻ നാസർ എസ്റ്റേറ്റ് മുക്ക്, ജനറൽ കൺവീനർ സി.കെ.എ. ഷമീർ ബാവ, ട്രഷറർ ബാബു കുടുക്കിൽ, എം.ജെ.എച്ച്.എസ്. പൂർവ്വ വിദ്യാർഥി അസോസിയേഷൻ പ്രസിഡന്‍റ് എം.എ. ഗഫൂർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.