സാമ്പത്തിക ഇടപാട്; യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാലുപേർ പിടിയിൽ
text_fieldsതാമരശ്ശേരി: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാലുപേർ പിടിയിലായി. കോഴിക്കോട് പറമ്പിൽബസാർ ഒടിപുനത്തുവീട്ടിൽ ഹർഷാദിനെ (33) തട്ടിക്കൊണ്ടുപോയ കേസിൽ താമരശ്ശേരി അമ്പായത്തോട് മലയിൽ അൽഷാജ് (27), അമ്പായത്തോട് അറമുക്ക് മാക്രി ജെനീസ് എന്ന ജെനീസ് (24), കൊടുവള്ളി വാവാട് പുത്തൻവീട്ടിൽ ജാബിർ (35), വാവാട് കണ്ണിപൊയിൽ നവാസ് (26) എന്നിവരെയാണ് ചൊവ്വാഴ്ച പുലർച്ചെ വയനാട് വൈത്തിരിയിൽ താമരശ്ശേരി ഡിവൈ.എസ്.പി പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് ഹർഷാദ് ഭാര്യവീട്ടിൽനിന്ന് ഈങ്ങാപ്പുഴയിലേക്ക് കാറിൽ പുറപ്പെട്ടത്. പിറ്റേദിവസം ഉച്ചയായിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് ഭാര്യ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസിന്റെ അന്വേഷണത്തിനിടെ അമ്പായത്തോട് പോക്കറ്റ് റോഡിൽനിന്നാണ് ഹർഷാദിന്റെ കാർ ഗ്ലാസുകൾ തകർന്ന നിലയിൽ കണ്ടെത്തിയത്.
കാരാടി സ്വദേശി മുഹമ്മദ് സൽമാൻ എന്നയാളുൾപ്പെട്ട കുഴൽപണ സംഘം പലതവണയായി ലക്ഷങ്ങൾ ഹർഷാദിന്റെയും മറ്റും പേരിലുള്ള അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിരുന്നു. ഇതിൽ 10 ലക്ഷം രൂപ ഹർഷാദും സംഘവും തിരിച്ചുനൽകാത്തതിനെ തുടർന്ന് മധ്യസ്ഥർ ഇടപെടുകയും പണം കിട്ടാത്തതിനെ തുടർന്ന് സൽമാനും സംഘവും തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്യുകയുമായിരുന്നുവെന്ന് ഡിവൈ.എസ്.പി പി. പ്രമോദ് പറഞ്ഞു.
ഈങ്ങാപ്പുഴ പൂലോടുള്ള ഭാര്യവീട്ടിൽനിന്ന് ഇറങ്ങിയ ഹർഷാദിന്റെ കാറിനെ ഇന്നോവ കാറിലും മിനി ലോറിയിലുമായി വന്ന പ്രതികൾ വാഹനം നിർത്തിച്ചുപിടികൂടുകയായിരുന്നു. അമ്പായത്തോട്ടിലുള്ള ഒഴിഞ്ഞപറമ്പിൽ വെച്ചും പിന്നീട് വയനാട് ചുണ്ടേലുള്ള റിസോർട്ടിലുമെത്തിച്ച് പണം തിരികെ ആവശ്യപ്പെട്ട് ക്രൂരമായി മർദിച്ചു. തിങ്കളാഴ്ച രാത്രിവരെ തടങ്കലിൽവെച്ചു. പണത്തിനായി പ്രതികൾ ഹർഷാദിനെക്കൊണ്ട് ബന്ധുക്കളെ ഫോണിൽ വിളിപ്പിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
ഡിവൈ.എസ്.പി പി. പ്രമോദിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആദ്യം മലപ്പുറം എടരിക്കോടുനിന്ന് അൽഷാജിനെ പിടികൂടുന്നത്. അൽഷാജിനെയുംകൊണ്ട് ഹർഷാദിനെ തടവിൽ പാർപ്പിച്ച ചുണ്ടേലുള്ള റിസോർട്ടിലേക്ക് എത്തുന്നതിനിടെ പ്രതികൾ ഹർഷാദിനെ തിങ്കളാഴ്ച ഏഴരയോടെ വൈത്തിരിയിൽ എത്തിച്ചു വിട്ടയക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൈത്തിരിയുള്ള ലോഡ്ജിൽനിന്ന് മറ്റു മൂന്ന് പ്രതികളെയും പിടികൂടുന്നത്. ഗൾഫിലുള്ള മുഹമ്മദ് സൽമാന്റെ സുഹൃത്തുക്കളാണ് ഇപ്പോൾ പിടിയിലായ പ്രതികളെന്നും കേസിൽ ഇനിയും കൂടുതൽ പ്രതികൾ പിടിയിലാവാനുണ്ടെന്നും പൊലീസ് പറഞ്ഞു.
പിടിയിലായ അൽഷാജ് രണ്ടാഴ്ച മുമ്പ് കർണാടകയിലെ മടിക്കേരി ജയിലിൽനിന്ന് മയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ ഇറങ്ങിയതാണ്. ഇയാൾ താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ പോക്സോ കേസിലും പ്രതിയാണ്. ജാബിർ താമരശ്ശേരിയിലും കൊടുവള്ളിയിലും മയക്കുമരുന്ന് കേസിലും പോക്സോ കേസിലും അടിപിടികേസിലും പ്രതിയാണ്. നവാസ് ആന്ധ്രപ്രദേശിലും കേരളത്തിലും മയക്കുമരുന്ന് കേസിലും അടിപിടി കേസിലും പ്രതിയാണ്. ജെനീസും മയക്കുമരുന്നു കേസിൽ പ്രതിയാണ്. റിമാൻഡിലായ പ്രതികളെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും.
താമരശ്ശേരി ഇൻസ്പെക്ടർ എ. സായൂജ് കുമാർ, എസ്.ഐ ആർ.സി. ബിജു, സ്പെഷൽ സ്ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, പി. ബിജു, ഷിബിൽ ജോസഫ്, എ.എസ്.ഐ വി. അഷ്റഫ്, സീനിയർ സി.പി.ഒമാരായ എൻ.എം. ജയരാജൻ, പി.പി. ജിനീഷ്, കെ.കെ. അജിത്, എം. അബ്ദുൽ റഫീഖ്, കെ.കെ. രതീഷ്, എ. രാകേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.