ഈങ്ങാപ്പുഴ സ്വദേശിനിക്ക് അമേരിക്കൻ സുഹൃത്ത് ‘സ്വർണവും ഡോളറും’ അയച്ചു; തട്ടിയെടുത്തത് 15.25 ലക്ഷം രൂപ
text_fieldsതാമരശ്ശേരി: സ്വർണവും ഡോളറും അടങ്ങിയ പാക്കറ്റ് കൈപ്പറ്റണമെന്ന് സന്ദേശമയച്ച് ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക അയപ്പിച്ച് വൻ തട്ടിപ്പ്. 15.25 ലക്ഷം രൂപ നഷ്ടമായെന്ന ഈങ്ങാപ്പുഴ സ്വദേശിനിയുടെ പരാതിയിൽ താമരശ്ശേരി പൊലീസ് ഐ.ടി ആക്ട് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പരാതിക്കാരിയുടെ അമേരിക്കയിലുള്ള സുഹൃത്തിന്റെ നാട്ടിലുള്ള ബന്ധുവിന് കൊടുക്കാനുള്ള ഒരു പാക്കറ്റ് കൈപ്പറ്റണമെന്ന് ആവശ്യപ്പെട്ട് 2023 ഡിസംബർ 26-നാണ് വാട്‌സാപ്പ് സന്ദേശമെത്തിയത്. വർഷങ്ങൾക്കുമുമ്പ് ഒപ്പം ജോലിചെയ്ത സുഹൃത്താണെന്നായിരുന്നു പറഞ്ഞത്. ബന്ധു നാട്ടിലില്ലാത്തതിനാൽ പരാതിക്കാരിയുടെ മേൽവിലാസത്തിൽ പാക്കേജ് അയക്കുമെന്നും ബന്ധു നാട്ടിൽവന്നാൽ നൽകണമെന്നുമായിരുന്നു അറിയിച്ചത്. പരാതിക്കാരിക്കായി സ്വർണവും 60,000 യു.എസ് ഡോളറും വെച്ചിട്ടുണ്ടെന്നും അത് പുറത്തറിയിക്കരുതെന്നും പറഞ്ഞിരുന്നു. ഇതിന്റെ ഫോട്ടോയും അയച്ചുനൽകി.
പിന്നീട് ഡൽഹിയിലെ കൊറിയർ കമ്പനിയിൽനിന്ന് എന്ന പേരിൽ ഫോൺ കോളെത്തി. ആദ്യം 30,000 രൂപയും പിന്നീട് 60,000 രൂപയും കൊറിയർ ചാർജായി അടപ്പിച്ചു. സ്വർണവും പണവും കസ്റ്റംസ് കണ്ടെത്തിയെന്നും നികുതിയിനത്തിലും മറ്റുമായി വീണ്ടും പണമടയ്ക്കണമെന്നും വിളിച്ചവർ ആവശ്യപ്പെട്ടു. ഇങ്ങനെ 14 ലക്ഷത്തോളം രൂപയും ഡോളറും പലതവണയായി വാങ്ങി. ഡൽഹിയിലെ കനറാബാങ്കിലെയും ഫെഡറൽ ബാങ്കിലെയും ശാഖകൾ വഴിയാണ് പണം നൽകിയത്.
വീണ്ടും 10 ലക്ഷം രൂപകൂടി ആവശ്യപ്പെട്ടതോടെ ബാങ്കിൽ ബന്ധപ്പെടുകയും തട്ടിപ്പാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. പണം തിരികെ നൽകാതെയും സ്വർണവും ഡോളറുമടങ്ങിയതെന്ന് പറഞ്ഞ പാക്കറ്റ് എത്തിക്കാതെയും വഞ്ചിച്ചെന്നാണ് പുതുപ്പാടി സ്വദേശിനിയായ യുവതിയുടെ പരാതി. പരാതിയെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് താമരശ്ശേരി സി.ഐ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.