ജനവാസകേന്ദ്രത്തിലെ കെട്ടിടത്തിൽ മാലിന്യ സംഭരണം; പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്ത്
text_fieldsതാമരശ്ശേരിക്കടുത്ത് പരപ്പൻപൊയിലിലെ കെട്ടിടത്തിൽ മാലിന്യം കൂട്ടിയിട്ട നിലയിൽ
താമരശ്ശേരി: ജനവാസകേന്ദ്രത്തിലെ കെട്ടിടത്തിൽ സൂക്ഷിച്ച മാലിന്യങ്ങളിൽനിന്നുള്ള ദുർഗന്ധം മൂലം പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്ത്. പരപ്പൻപൊയിൽ ആലിൻചുവട്-ക്രഷർ റോഡിലെ കെട്ടിടത്തിലാണ് മാലിന്യം സംഭരിച്ചുവെച്ചത്.
വിവിധ മാളുകൾ, ആശുപത്രികൾ, ഫ്ലാറ്റുകൾ എന്നിവിടങ്ങളിൽനിന്ന് ശേഖരിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങളടക്കമുള്ള മാലിന്യങ്ങളാണ് ഇവിടെ എത്തിക്കുന്നതെന്നും ഇതുമൂലം ദുർഗന്ധവും ഈച്ചയും കൊതുകും കാരണം പൊറുതിമുട്ടുകയാണെന്നും പരിസരവാസികൾ പരാതിപ്പെട്ടു.
രാത്രിയിലാണ് ഇവിടെ മാലിന്യം എത്തിക്കുന്നത്. ജോലിക്കാരെല്ലാം ഇതര സംസ്ഥാനക്കാരാണ് നാട്ടുകാരുടെ പരാതിയെതുടർന്ന് രണ്ടുതവണ ഗ്രാമപഞ്ചായത്ത് ഇവിടെനിന്ന് മാലിന്യം നീക്കം ചെയ്യാൻ കെട്ടിട ഉടമക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും വകവെക്കാതെ വീണ്ടും മാലിന്യം എത്തിക്കുകയായിരുന്നു എന്നാണ് ആക്ഷേപം.
തിങ്കളാഴ്ച രാത്രിയിൽ ലോഡുമായി ലോറി എത്തിയപ്പോൾ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവരികയും പഞ്ചായത്ത് അധികൃതരെ അറിയിക്കുകയായിരുന്നു. പരാതിയെതുടർന്ന് ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ പറഞ്ഞു. ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കുന്നതിനാവശ്യമായ സാധനങ്ങൾ സ്റ്റോക്ക് ചെയ്യാനുള്ള ആവശ്യത്തിനായാണ് പഞ്ചായത്തിൽനിന്ന് ലൈസൻസ് എടുത്തിട്ടുള്ളതെന്ന് വാർഡ് മെംബർ ജെ.ടി. അബ്ദുറഹിമാൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.