വാതക ശ്മശാനം നാടിന് സമർപ്പിച്ചു
text_fieldsഈങ്ങാപ്പുഴ: ത്രിതല പഞ്ചായത്ത് സംരംഭമായി പുതുപ്പാടിയിൽ നിർമിച്ച ഗ്യാസ് ക്രിമിറ്റോറിയം തൊഴിൽ-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ നാടിന് സമർപ്പിച്ചു.
ജോർജ് എം. തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. സമൂഹത്തിൽ താഴെതട്ടിലുള്ളവർക്ക് പ്രത്യേകിച്ച് ലക്ഷംവീട് കോളനി, നാലു സെൻറ് കോളനി തുടങ്ങി ദാരിദ്ര്യരേഖക്കു താഴെയുള്ളവർക്ക് ക്രിമിറ്റോറിയം ഏറെ ഉപകാരപ്പെടും.
സാധാരണ ഇത്തരം കുടുംബങ്ങളിൽ മരണമുണ്ടായാൽ കോഴിക്കോട് മാവൂർ റോഡിലെ പൊതുശ്മശാനത്തെയാണ് ആശ്രയിക്കേണ്ടിയിരുന്നത്. മൃതദേഹം അവിടെ എത്തിക്കാനുള്ള ഭാരിച്ച ചെലവ് താങ്ങാനാവാത്തവർ സ്വന്തം വീട്ടുമുറ്റത്ത് ഉറ്റവരെ മറവ് ചെയ്യേണ്ട ഗതികേടിലായിരുന്നു.
പുതുപ്പാടി പഞ്ചായത്തിലുള്ളവർക്കു മാത്രമല്ല, സമീപ പഞ്ചായത്തിലുള്ളവർക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താനാവുമെന്നതാണ് ഏറെ ആശ്വാസകരം. ക്രിസ്ത്യൻ, മുസ്ലിം വിഭാഗത്തിലുള്ളവർക്ക് അവരുടെ ആരാധനാലയങ്ങളോട് അനുബന്ധിച്ച് മൃതദേഹം സംസ്കരിക്കാനുള്ള സൗകര്യമുണ്ട്.
എന്നാൽ, ഈ വിഭാഗത്തിൽ പെടാത്തവരും സ്വന്തം വീട്ടുവളപ്പിൽ സംസ്കരിക്കാൻ സ്ഥലമില്ലാത്തവരുമായ വലിയൊരു ജനവിഭാഗത്തിന് അനുഗ്രഹമാവുകയാണ് ത്രിതല പഞ്ചായത്ത് ഒരു കോടി രൂപ മുതൽ മുടക്കി പുതുപ്പാടിയിൽ നിർമിച്ച പൊതുശ്മശാനം.
ജീവനക്കാരെ നിയമിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം ഒക്ടോബർ ഒന്നിന് പൊതുശ്മശാനം പ്രവർത്തനം ആരംഭിക്കും.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.ആർ. രാകേഷ്, വൈസ് പ്രസിഡൻറ് കുട്ടിയമ്മ മാണി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ മുജീബ് മാക്കണ്ടി, എം.ഇ. ജലീൽ, ഐബി റെജി, പഞ്ചായത്ത് അംഗങ്ങളായ ആർ.എം. അബ്ദുൽ റസാഖ്, മുത്തു അബ്ദുൽ സലാം, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ടി.എം. പൗലോസ്, അനന്തനാരായണൻ, ടി.കെ. നാസർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.