വോട്ടർമാരെ ക്ഷണിച്ച് ഹരിതബൂത്തുകള്‍
text_fieldsതാമരശ്ശേരി: തദ്ദേശ തെരഞ്ഞെടുപ്പിെൻറ ഭാഗമായി സജ്ജീകരിച്ച ഹരിത ബൂത്തുകള്‍ ശ്രദ്ധേയമാകും. കോഴിക്കോട് ജില്ലയില്‍ 15 ഹരിത മാതൃകാ ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. കൊടുവള്ളി ബ്ലോക്കില്‍ താമരശ്ശേരിക്കടുത്ത് ചെമ്പ്ര ഗവ.എല്‍.പി സ്കൂളിലെ രണ്ട് ബൂത്തുകളാണ് ഹരിത ബൂത്തുകളാക്കി ഒരുക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച് മെടഞ്ഞ ഓലയും പനമ്പുംകൊണ്ട് സ്വാഗത ബോര്‍ഡ് സ്കൂള്‍ ഗേറ്റില്‍ മനോഹരമായി സ്ഥാപിച്ചിട്ടുണ്ട്.
ഉപയോഗ ശേഷം വലിച്ചെറിയാതെ മാലിന്യം ശേഖരിക്കാന്‍ ഓല കൊണ്ടുമെടഞ്ഞ കൊട്ടകള്‍, മണ്കുടത്തില് കുടിവെള്ളം, സാമൂഹിക അകലം പാലിക്കാനും മാസ്ക് ധരിക്കാനും മറ്റുമുള്ള ഇലകളിലെഴുതിയ നിർദേശങ്ങള്‍, മറ്റു ബോധവത്കരണ സന്ദേശങ്ങള്‍ തുടങ്ങിയവയാണ് മാതൃകാ ബൂത്തുകളില്‍ സജ്ജീകരിച്ചിരിക്കുന്നത്.
പൂർണമായും ഹരിതപെരുമാറ്റച്ചട്ടത്തിലൂടെയാണ് ഈ ബൂത്തുകളില്‍ പോളിങ് നടക്കുക. ബൂത്തുകളായി ഉപയോഗിക്കുന്ന ക്ലാസ് മുറികളും പരിസരവും പ്ലാസ്റ്റിക് - മാലിന്യരഹിതമാക്കിയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുള്ളത്. ബ്ലോക്ക്, കോര്പറേഷന് തലത്തില്‍ ഓരോ മാതൃക ബൂത്തുകളാണ് തയാറാക്കിയത്. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചാണ് ഹരിതബൂത്തുകളിലെ ഒരുക്കം പൂര്‍ത്തീകരിച്ചിരിക്കുന്നത്. സമ്മതിദാനം നിർവഹിക്കാനെത്തുന്നവര്‍ക്ക് അകലം പാലിക്കാന്‍ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്.
ശുചിത്വ മിഷെൻറയും ഹരിത കേരളം മിഷെൻറയും തദ്ദേശ സ്ഥാപനങ്ങളുടെയും നിര്‍ദേശപ്രകാരമാണ് ജില്ലയിലെ ഹരിത ബൂത്തുകളെ തെരഞ്ഞെടുത്തതെന്ന് അധികൃതര്‍ പറഞ്ഞു. ചെമ്പ്ര ഗവ.എല്‍.പി സ്കൂളില്‍ ഹരിത ബൂത്തുകളൊരുക്കുന്നതിന് പ്രഥമാധ്യാപിക എ.എസ്. ഡെയ്സി, പി.ടി.എ പ്രസിഡൻറ് ഉസ്മാന് പി. ചെമ്പ്ര, പി. രാധാകൃഷ്ണന്, സത്യചന്ദ്രന്, പി.കെ. രവി, കെ.പി. രാജന്, ടി.ടി. റഷീദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.