ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം പരിശോധന
text_fieldsതാമരശ്ശേരി: താലൂക്ക് ആശുപത്രി ആരോഗ്യ വിഭാഗം താമരശ്ശേരിയിലും പരപ്പൻപൊയിലിലുമുള്ള ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ ശുചിത്വ പ്രശ്നങ്ങൾ കണ്ടെത്തി. പരപ്പൻ പൊയിലിലെ രണ്ട് ഹോട്ടലുകൾ അടപ്പിച്ചു. കുടിവെള്ള ഗുണനിലവാര പരിശോധന റിപ്പോർട്ട് ഇല്ലാത്തതും തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഇല്ലാത്തതുമായ സ്ഥാപനങ്ങൾക്ക് ഒരാഴ്ചക്കകം പരിശോധന നടത്തി ഹാജരാക്കാൻ നിർദേശം നൽകി. ഇതര സംസ്ഥാനക്കാരെ താമസിപ്പിച്ച കെട്ടിടങ്ങളിലും പരിശോധന നടന്നു.
മാലിന്യം കൃത്യമായി സംസ്കരിക്കാത്ത കെട്ടിട ഉടമക്ക് നോട്ടീസ് നൽകി. പുകയില വിരുദ്ധ മുന്നറിയിപ്പ് ബോർഡ് ഇല്ലാത്ത രണ്ട് സ്ഥാപനങ്ങളിൽനിന്ന് ഫൈൻ ഈടാക്കി. താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ ടി.കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ജെ.എച്ച്.ഐമാരായ ഗിരീഷ് കുമാർ, നീതു, ആര്യ എന്നിവർ പങ്കെടുത്തു.
മഞ്ഞപ്പിത്ത രോഗം ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഭക്ഷ്യവ്യാപാര സ്ഥാപനങ്ങൾ കൃത്യമായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.