താമരശ്ശേരിയിൽ ഹൈടെക് മാലിന്യ സംസ്കരണ കേന്ദ്രം വരുന്നു
text_fieldsതാമരശ്ശേരി: മാലിന്യ നിർമാർജനത്തിന് ഹൈടെക് സംസ്ക്കരണ കേന്ദ്രം താമരശ്ശേരിയിൽ സ്ഥാപിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാൻ.
ഗ്രാമപഞ്ചായത്ത് നേരിട്ട് പദ്ധതി ആവിഷ്കരിച്ച് ജൈവ - അജൈവ മാലിന്യം വേർതിരിച്ച് ജൈവ മാലിന്യം വളമാക്കുകയും അജൈവ മാലിന്യം കയറ്റി അയക്കുകയുമാണ് ലക്ഷ്യം. ഇതിനായി അത്യാധുനിക യന്ത്രസാമഗ്രികൾ അടങ്ങുന്ന കോംപ്ലക്സ് സ്ഥാപിക്കും. അമ്പലമുക്ക് പൂവറ എസ്റ്റേറ്റിൽ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള നാലരയേക്കർ സ്ഥലത്താണ് പദ്ധതി നടപ്പാക്കുക. പദ്ധതിയിലൂടെ തൊഴിലവസരങ്ങളും സാമ്പത്തിക വരുമാനവും ഗ്രാമപഞ്ചായത്ത് പ്രതീക്ഷിക്കുന്നുണ്ട്.
ട്രഞ്ചിങ്ങ് ഗ്രൗണ്ടിലെ മാലിന്യം നീക്കി
താമരശ്ശേരി: ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അമ്പലമുക്ക് പൂവറ എസ്റ്റേറ്റിനുള്ളിലെ ട്രഞ്ചിങ് ഗ്രൗണ്ടിൽ കെട്ടിക്കിടന്ന മാലിന്യം പൂർണമായും നീക്കി ഗ്രാമ പഞ്ചായത്ത് മാതൃകയായി. പുതിയ ഭരണസമിതി നിലവിൽ വന്ന ശേഷം ഗ്രാമപഞ്ചായത്ത് 'ഹരിതം സുന്ദരം താമരശ്ശേരി' പേരിൽ പ്രത്യേക പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കി വരുകയാണ്.
ഇവിടെ കെട്ടിക്കിടന്ന 358 ടൺ മാലിന്യമാണ് ശാസ്ത്രീയമായി സംസ്ക്കരണത്തിനയച്ചത്. ഗ്രീൻവേർമ്സ് കമ്പനിയുടെ സഹകരണത്തോടെയാണ് 'ഹരിതം സുന്ദരം താമരശ്ശേരി 'പദ്ധതി നടപ്പാക്കുന്നത്. നാലരയേക്കർ വരുന്ന ട്രഞ്ചിങ് ഗ്രൗണ്ടിന്റെ മനോഹാരിത നിലനിർത്തി മാലിന്യ സംസ്കരണത്തിന് പ്രത്യേക കോംപ്ലക്സ് പണിയാൻ രൂപരേഖ തയാറാക്കുമെന്ന് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. അരവിന്ദൻ എന്നിവർ പറഞ്ഞു.
ട്രഞ്ചിങ് ഗ്രൗണ്ട് മാലിന്യങ്ങൾ പൂർണമായി നീക്കുന്നതിന്റെ ആഘോഷം കേക്ക് മുറിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖദീജ സത്താർ അധ്യക്ഷത വഹിച്ചു. പി. പ്രകാശൻ, എം.ടി. അയ്യൂബ് ഖാൻ, മഞ്ജിത, സി.കെ.എ. ഷമീർ ബാവ, സത്താർ പള്ളിപ്പുറം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.