ഹുസൈൻ കാരാടി; വിടപറഞ്ഞത് താമരശ്ശേരിയുടെ ഗ്രന്ഥകാരൻ
text_fieldsതാമരശ്ശേരി: നാട്ടിൻപുറത്തിന്റെ തനിമയും ഗ്രാമീണ ജീവിതത്തിന്റെ സൗന്ദര്യവും രചനകളിൽ ഉൾപ്പെടുത്തിയ എഴുത്തുകാരനായിരുന്നു ഹുസൈൻ കാരാടി. ഭിന്നശേഷി ജീവിതം ആത്മവിശ്വാസത്തോടെ കഠിനാധ്വാനത്തിൽ സർഗാത്മകമാക്കിയ ഇദ്ദേഹം റേഡിയോ നാടകങ്ങളിലൂടെയാണ് ശ്രദ്ധേയനാകുന്നത്.
1973ൽ ആകാശവാണിയിൽ ആദ്യനാടകം പ്രക്ഷേപണം ചെയ്യുന്നത്. തുടർന്ന് 80കളിലും 90കളിലും റേഡിയോയിലൂടെ പലതവണ ശ്രേതാക്കൾക്ക് ‘നാടകരചന: ഹുസൈൻ കാരാടി’ എന്ന് നാമം കേൾക്കാനായി.
റേഡിയോ മാത്രം സാധാരണക്കാരുടെ ഏക വിനോദോപാധിയായിരുന്ന കാലത്താണ് ഹുസൈൻ കാരാടി ശ്രദ്ധേയനായത്.
ഇദ്ദേഹത്തിന്റെ ബോധവത്കരണ ഹാസ്യ നാടകങ്ങൾക്ക് ഏറെ ശ്രോതാക്കളുണ്ടായിരുന്നു.
നൂറിലധികം റേഡിയോ നാടകങ്ങൾ ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്തു. മുക്കുപണ്ടം, ഖുറൈശിക്കൂട്ടം, കൊച്ചരയത്തി എന്നീ നാടകങ്ങൾ അഖില കേരള റേഡിയോ നാടകോത്സവങ്ങളിൽ അവതരിപ്പിച്ചു. മലയാളത്തിലെ പ്രശസ്തരായ ഇരുപതോളം പ്രമുഖ എഴുത്തുകാരുടെ നോവലുകൾ റേഡിയോ നാടകരൂപം നൽകി അവതരിപ്പിച്ചു.
സ്വതന്ത്രരചനകൾക്കൊപ്പം ഒട്ടനവധി സാഹിത്യകൃതികൾക്കും ഹുസൈൻ കാരാടി നാടകാവിഷ്കാരമൊരുക്കി. എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘പ്രേതഭൂമി’ യായിരുന്നു തുടക്കം. എം.ടി. വാസുദേവൻ നായരുടെ ‘കാലം’, ‘രണ്ടാമൂഴം’, ‘കരിയിലകൾ മൂടിയ വഴിത്താരകൾ’, ‘ശിലാലിഖിതം’, കോവിലന്റെ ‘തട്ടകം’, എം. മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’, സേതുവിന്റെ ‘പാണ്ഡവപുരം’, യു.എ. ഖാദറിന്റെ ‘ഖുറൈശികൂട്ടം’ എന്നിവയെല്ലാം അവയിൽ ചിലതുമാത്രം. ബാലൻ കെ. നായർ, നെല്ലിക്കോട് ഭാസ്കരൻ, നിലമ്പൂർ ബാലൻ, എം. കുഞ്ഞാണ്ടി, കുട്ട്യേടത്തി വിലാസിനി, ശാന്താദേവി തുടങ്ങിയ പ്രമുഖരായിരുന്നു ഇദ്ദേഹത്തിന്റെ നാടക കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയത്.
യു.കെ. കുമാരന്റെ ‘തക്ഷൻകുന്ന് സ്വരൂപം’ ആണ് ആകാശവാണിക്കുവേണ്ടി ഹുസൈൻ കാരാടി അവസാനമായി നാടകരൂപരചന
നിർവഹിച്ചത്.
മുക്കുപണ്ടം റേഡിയോ നാടകത്തിന് ബഹ്റൈൻ ആർട്സ് സെന്റർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ആനുകാലി കങ്ങളിൽ 50ലധികം ചെറുകഥകൾ എഴുതി. താമരശ്ശേരി നവയുഗ ആർട്സിന്റെ സ്ഥാപക സെക്രട്ടറി
യായിരുന്നു.
1991 മുതൽ തുടർച്ചയായി താമരശ്ശേരി പബ്ലിക് ലൈബ്രറി ഭരണസമിതി അംഗമാണ്. താമരശ്ശേരിയിലെ കലാസാഹിത്യ സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്നു ഹുസൈൻക്ക എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന ഹുസൈൻ കാരാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.