കോടഞ്ചേരി പഞ്ചായത്തിൽ അതിദരിദ്രരും ഹരിതകർമ സേനാംഗങ്ങളും പട്ടിണിയാവില്ല
text_fieldsതാമരശ്ശേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ അതിദരിദ്രർക്ക് ഓണക്കിറ്റും ഹരിതകർമ സേനാംഗങ്ങൾക്ക് 1000 രൂപ ബോണസും ഓണസമ്മാനമായി നൽകും. ഗ്രാമപഞ്ചായത്തിലെ അതിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ട അർഹരായ ആളുകൾക്ക് നൽകുന്ന ഭക്ഷ്യക്കിറ്റിൽ ഒരുലിറ്റർ വെളിച്ചെണ്ണ, ഉഴുന്ന് 500 ഗ്രാം, പരിപ്പ് 500 ഗ്രാം, പഞ്ചസാര ഒരുകിലോ, ചായപ്പൊടി 100 ഗ്രാം, കടല 500 ഗ്രാം, ചെറുപയർ 500 ഗ്രാം, മുളകുപൊടി, മല്ലിപ്പൊടി ഗ്രാം, മഞ്ഞൾപൊടി, ഉപ്പ്, പാലട മിക്സ്, ആട്ട ഒരുകിലോ, സാമ്പാർ പൊടി എന്നിവ ഉൾപ്പെടെ 14 ഇനങ്ങൾ അടങ്ങിയതാണ് ഓണക്കിറ്റ്.
അതിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ട അർഹരായ മുഴുവൻ കുടുംബങ്ങൾക്കും ഓണസമ്മാനമായാണ് ഭക്ഷ്യക്കിറ്റ് നൽകുന്നതെന്ന് പ്രസിഡന്റ് അലക്സ് തോമസ് പറഞ്ഞു. ഗ്രാമപഞ്ചായത്തിന്റെ ഖരമാലിന്യ സംസ്കരണ പരിപാടികൾ ജനകീയ പങ്കാളിത്തത്തോടെ വിജയിപ്പിക്കുന്ന ഹരിതകർമ സേന അംഗങ്ങൾക്ക് ഓണം അലവൻസായി തനത് ഫണ്ടിൽനിന്ന് ആയിരം രൂപ വീതം ഓണം ബോണസ് അനുവദിക്കാനും സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ വികസനകാര്യ സമിതി ചെയർമാൻ ജോസ് പെരുമ്പള്ളി, ക്ഷേമകാര്യ സമിതി ചെയർപേഴ്സൻ റിയാനസ് സുബൈർ, ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ സിബി ചിരണ്ടായത്ത്, സെക്രട്ടറി ബ്രിജേഷ് കുമാർ, അസിസ്റ്റൻറ് സെക്രട്ടറി ശ്രീനിവാസ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.