താമരശ്ശേരിയിൽ മോഷണവും സാമൂഹിക വിരുദ്ധ ശല്യവും പെരുകി; ഇരുട്ടിൽ തപ്പി പൊലീസ്
text_fieldsതാമരശ്ശേരി: താമരശ്ശേരിയിലും പരിസര പ്രദേശങ്ങളിലും മോഷണവും സാമൂഹിക വിരുദ്ധ ശല്യവും പെരുകിയിട്ടും നടപടി സ്വീകരിക്കാനാകാതെ പൊലീസ്. മൂന്നു മാസത്തിനിടെ നിരവധി കവർച്ചക്കേസുകളാണ് സ്റ്റേഷൻ പരിധിക്കുള്ളിൽ നടന്നത്. കഴിഞ്ഞയാഴ്ച താലൂക്ക് ആശുപത്രിക്കു സമീപത്തെ മൂന്ന് സ്ഥാപനങ്ങളിലും ചുങ്കം ബൈപാസിലെ സൂപ്പർ മാർക്കറ്റിലും മോഷണം നടത്തിയവരെ ഇതുവരെ പിടികൂടാനായില്ല. കഴിഞ്ഞ ദിവസം ഓടക്കുന്ന്, വട്ടക്കുണ്ട് ഭാഗങ്ങളിൽനിന്ന് നാലു മോട്ടോർ പമ്പ് സെറ്റുകൾ മോഷണം പോയി. ഇതുസംബന്ധിച്ച് താമരശ്ശേരി പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷിക്കാൻ പോലും എത്തിയില്ലെന്ന് പരാതി നൽകിയ അലി തനിയലത്ത് പറഞ്ഞു.
എ.സിയുടെ കോപ്പർ വയറുകളും കേബിളുകളും മോഷണം നടത്തുന്ന സംഘവും പ്രദേശത്ത് വിലസുന്നുണ്ടെന്ന് വ്യാപാരികൾ പരാതിപ്പെട്ടു. ദൂരസ്ഥലങ്ങളിൽനിന്ന് എത്തി മയക്കുമരുന്നു വിൽപന നടത്തുന്ന സംഘവും ഇപ്പോൾ ഇവിടെ കേന്ദ്രീകരിച്ചിട്ടുണ്ട്. ഇടവഴികളിലും പോക്കറ്റ് റോഡുകളിലും കഞ്ചാവുൾപ്പെടെയുള്ള മയക്കുമരുന്ന് വസ്തുക്കൾ കൈമാറുന്നത് പതിവായിട്ടും പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പൊതുപ്രവർത്തകർ പറയുന്നു. താമരശ്ശേരി ചുങ്കം ബൈപാസ് റോഡ് കേന്ദ്രീകരിച്ച് മദ്യവിൽപനക്കാരുടെ ശല്യവും വർധിച്ചിട്ടുണ്ട്. പണത്തിനനുസരിച്ച് മദ്യം ഗ്ലാസുകളിൽ ഒഴിച്ചുകൊടുക്കുന്ന സംഘവും സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.