ഇന്റർ സ്കൂൾ പെയിന്റിങ് മത്സരം; ഒന്നാമതായി തീർഥ
text_fieldsതാമരശ്ശേരി: കേന്ദ്ര പ്രകൃതി പരിസ്ഥിതി വനം മന്ത്രാലയം, നാഷനൽ മ്യൂസിയം ഓഫ് നാചുറൽ ഹിസ്റ്ററി എന്നിവ യുനൈറ്റഡ് നേഷൻസ് എൻവയൺമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്റർ സ്കൂൾ പെയിന്റിങ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി താമരശ്ശേരി ജി.വി.എച്ച്.എസ്.എസിലെ വിദ്യാർഥിനി എസ്. തീർഥ.
പ്ലാസ്റ്റിക്കിൽനിന്ന് സമുദ്രങ്ങളെ സംരക്ഷിക്കുക, ആരോഗ്യകരമായ സമ്പദ്വ്യവസ്ഥക്കുള്ള ആരോഗ്യകരമായ സമുദ്രം തുടങ്ങിയ വിഷയത്തിൽ എട്ടു മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി നടന്ന ചിത്രരചന മത്സരത്തിലാണ് തീർഥ ഒന്നാം സ്ഥാനം നേടിയത്.
സമുദ്രദിനമായ ജൂൺ നാലിന് ന്യൂഡൽഹിയിൽ കേന്ദ്രമന്ത്രിമാരടക്കം പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ തീർഥക്കുള്ള സമ്മാനദാനം നടക്കും. ജൂൺ അഞ്ചിന് ന്യൂഡൽഹി ഇന്ദിര പരിയാവരൺ ഭവനിൽ നടക്കുന്ന ലോക പരിസ്ഥിതി ദിനാഘോഷത്തിൽ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കാനും തീർഥക്ക് അവസരം ലഭിക്കും. ഉജ്ജ്വലബാല്യം പുരസ്കാര ജേതാവായ എസ്. തീർഥ സംസ്ഥാന കലോത്സവത്തിലെ ഭരതനാട്യത്തിലും എ ഗ്രേഡ് നേടിയിരുന്നു.
താമരശ്ശേരി ജി.വി.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് തീർഥ. ചെറുപ്പം മുതൽ ചിത്രരചനയും നൃത്തവും അഭ്യസിച്ചുവരുന്നുണ്ട്. ജില്ല, സംസ്ഥാനതല ചിത്രരചന മത്സരങ്ങളിലും നൃത്തമത്സരങ്ങളിലും കൈയെഴുത്ത് മത്സരങ്ങളിലും ഈ കലാകാരി അവാർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. താമരശ്ശേരി വെഴുപ്പൂർ ശങ്കരമ്പാത്ത് സായി ലക്ഷ്മിയിൽ പി. വിജേഷിന്റെയും ചാവറ ഇ.എം സ്കൂളിലെ അധ്യാപിക എം. ഷബ്നയുടെയും മകളാണ് തീർഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.