താമരശ്ശേരിയിലെ ജലനിധി ജലവിതരണ പൈപ്പ്; നേരിയ ആശ്വാസത്തിൽ നാട്
text_fieldsതാമരശ്ശേരി: ജലനിധി ജലവിതരണ പൈപ്പ് പൊട്ടിയിട്ട് ഒന്നരമാസമായി കുടിവെള്ളം മുടങ്ങിയ സംഭവത്തിൽ ഇടപെട്ട് താമരശ്ശേരി ഗ്രാമപഞ്ചായത്ത്. കുടിവെള്ള പൈപ്പ് അറ്റകുറ്റപ്പണിക്ക് 1.90 ലക്ഷം രൂപ താമരശ്ശേരി ഗ്രാമപഞ്ചായത്ത് ജലനിധി ഫണ്ടിൽനിന്ന് ജലനിധി ജലവിതരണ കമ്മിറ്റിക്കുനൽകുമെന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ടി. അയ്യൂബ് ഖാൻ അറിയിച്ചു.
ചുണ്ടക്കുന്ന്, കിണറുള്ള കണ്ടി, എളോത്ത്കണ്ടി മിച്ചഭൂമി എന്നിവിടങ്ങളിലേക്കുള്ള 200 ഓളം കുടുംബങ്ങൾക്ക് പൈപ്പ് പൊട്ടി കുടിവെള്ളം കിട്ടാതെ ദുരിതത്തിലായ വാർത്ത കഴിഞ്ഞ ദിവസം മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്ന് ജനപ്രതിനിധികളും ഗുണഭോക്താക്കളും യോഗം ചേർന്നു. തുടർന്ന് തിങ്കളാഴ്ച ചേർന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ തുക നൽകാൻ തീരുമാനമെടുക്കുകയായിരുന്നു.
കുടിക്കുന്നതിനും മറ്റ് നിത്യോപയോഗ ആവശ്യങ്ങൾക്കും ആശ്രയിക്കുന്ന പദ്ധതിയുടെ പ്രാധാന ജലവിതരണ പൈപ്പ് ലൈൻ സംസ്ഥാന പാതയിൽ ചുങ്കത്ത് റോഡിൽ സ്വകാര്യ കണ്ണാശുപത്രിക്ക് മുൻവശത്ത് പൊട്ടിയതോടെയാണ് ഒന്നരമാസത്തിലേറെയായി ജലവിതരണം മുടങ്ങിയത്.
പൊട്ടിയ പൈപ്പ് റിപ്പയർ ചെയ്യുന്നതിന് റോഡിന്റെ സൈഡ് കുഴിക്കേണ്ടതുണ്ട്. പൈപ്പ് ലൈൻ പൊട്ടിയത് ശ്രദ്ധയിൽപ്പെട്ട ഉടനെ റോഡ് അതോറിറ്റിയായ കെ.എസ്.ടി.പി കണ്ണൂർ ഓഫിസുമായി ബന്ധപ്പെടുകയും അനുവാദത്തിനായി അപേക്ഷ സമർപ്പിക്കുകയും ചെയ്തു. എന്നാൽ, ഈ പ്രവൃത്തി നടത്താൻ അനുവദിക്കണമെങ്കിൽ 1,98,521 രൂപ കെ.എസ്.ടി.പി എക്സിക്യൂട്ടിവ് എൻജിനീയറുടെ ബാങ്ക് അക്കൗണ്ടിൽ അടച്ച് രസീത് മേൽ ഓഫിസിൽ സമർപ്പിക്കണമെന്ന് അറിയിച്ചുകൊണ്ട് കത്ത് ലഭിച്ചിരിക്കുകയാണ്. എന്നാൽ, ദൈനംദിന ചെലവുകൾ പോലും നടത്തിക്കൊണ്ടുപോകുന്നതിന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കമ്മിറ്റിക്ക് ഈ തുക അടക്കാനും, റിപ്പയറിങ്ങിനുള്ള തുക കണ്ടെത്താനും കഴിയാത്തതിനാൽ റിപ്പയറിങ് നടന്നില്ല. ഗ്രാമപഞ്ചായത്ത് പ്രശ്നത്തിൽ ഇടപെട്ടതോടെ കുടിവെള്ളം ഉടൻ എത്തുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.