അറവുമാലിന്യ പ്ലാന്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധം: ട്രയൽ റൺ നടത്താനായില്ല
text_fieldsതാമരശ്ശേരി: പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കൊട്ടാരക്കോത്ത് സ്വകാര്യ അറവുമാലിന്യ പ്ലാന്റിനെതിരെ സമരം നടത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ പ്രതിഷേധവുമായി ഉപരോധിച്ചതോടെ ട്രയൽ റൺ നടത്താനായില്ല. ഹൈകോടതിയുടെ ഉത്തരവിനെ തുടർന്ന് പ്രതിഷേധക്കാരായ 30 പേരെ പൊലീസ് അറസ്റ്റുചെയ്തു നീക്കിയെങ്കിലും നാട്ടുകാരായ നൂറുകണക്കിനുപേർ സംഘടിച്ചെത്തി ഉപരോധവും പ്രതിഷേധവും തുടർന്നതോടെ സമരക്കാരെ നീക്കാനുള്ള ശ്രമം പൊലീസ് ഉപേക്ഷിച്ചു.
വ്യാഴാഴ്ച രാവിലെ എട്ടോടെ തന്നെ നാട്ടുകാർ സ്ഥലത്ത് തമ്പടിച്ചിരുന്നു. 9.30 ഓടെ മലോറം കൊട്ടാരക്കോത്ത് റോഡിൽ റോഡ് ഉപരോധം തുടങ്ങി. താമരശ്ശേരി തഹസിൽദാർ, ഡിവൈ.എസ്.പി എന്നിവർ സമരക്കാരുമായി സംസാരിച്ചെങ്കിലും പ്രതിഷേധത്തിൽ നിന്നും പിന്മാറാൻ തയാറല്ലെന്ന് അറിയിച്ചതോടെയാണ് സമരത്തിന് നേതൃത്വം നൽകുന്ന 30 പേരെ അറസ്റ്റ് ചെയ്ത് താമരശ്ശേരി പൊലീസ് ജാമ്യത്തിൽ വിട്ടത്.
അറസ്റ്റിന് ശേഷവും പ്രദേശത്ത് പ്രതിഷേധം തുടർന്നു. പുതുപ്പാടി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഷംസീർ പോത്താറ്റിൽ, ഗ്രാമപഞ്ചായത്ത് അംഗം കെ.ജി. ഗീത, കെ.സി. വേലായുധൻ, വത്സൻ നമ്പൂരികുന്ന്, ഷാഫി വളഞ്ഞപാറ, ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചത്. പ്ലാന്റിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം കലക്ടർ, കോടതി എന്നിവർക്ക് റിപ്പോർട്ട് ചെയ്യുമെന്ന് അധികൃതർ അറിയിച്ചതോടെയാണ് നാട്ടുകാരിൽ കുറച്ച് പേരെങ്കിലും പിരിഞ്ഞുപോയത്.
സമരപ്പന്തലിൽ പ്രതിഷേധക്കാർ തുടർന്നു. വൈകീട്ട് നാലരയോടെ പ്ലാന്റിലേക്ക് വിറകുമായി ലോറി വന്നത് വീണ്ടും പ്രതിഷേധത്തിനിടയാക്കി. മലോറത്ത് വെച്ച് ലോറി തടഞ്ഞു ചില്ല് തകർത്തു. തുടർന്നും സ്ത്രീകളുൾപ്പെടെയുള്ള നാട്ടുകാർ സംഘടിച്ചെത്തി റോഡ് ഉപരോധിച്ചു. പ്രദേശത്ത് നാട്ടുകാരായ പ്രതിഷേധക്കാർ ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്. സമരക്കാരെ നേരിടാനായി വൻ പൊലീസ് സന്നാഹമായിരുന്നു സ്ഥലത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.