കോടഞ്ചേരിയിലെ മൊബൈൽ കട കവർച്ച: രണ്ടുപേർ പിടിയിൽ
text_fieldsതാമരശ്ശേരി: കോടഞ്ചേരിയിലെ മൊബൈൽ ഷോപ്പിൽനിന്ന് 15 ഫോണുകൾ കവർന്ന രണ്ടു പ്രതികളെ താമരശ്ശേരി ഡിവൈ.എസ്.പി അഷ്റഫ് തെങ്ങലക്കണ്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ്ചെയ്തു. മുക്കം മുരിങ്ങംപുറായി കോട്ടക്കുത്ത് വീട്ടിൽ മുഹ്സിൻ (20), മുരിങ്ങംപുറായി പൂവത്തിക്കൽ വീട്ടിൽ അജാസ്(20) എന്നിവരെയാണ് കോടഞ്ചേരി പൊലീസ് പിടികൂടിയത്.
നവംബർ 20ന് പുലർച്ച 2.50നാണ് കോടഞ്ചേരി ടൗണിലുള്ള ആദിത്യ മൊബൈൽസിൽ ഹെൽമറ്റ് ധരിച്ച പ്രതികൾ പൂട്ടുപൊളിച്ച് അകത്തുകയറി 15 പുതിയ ഫോണുകൾ കവർന്നത്. സി.സി.ടി.വി കാമറയിലേക്ക് സ്പ്രേ ചെയ്തശേഷമാണ് കളവുനടത്തിയത്. ലോക്ക് മുറിക്കുന്നതിനായി ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഗ്രൈൻഡർ ഇവർ ഓൺലൈനായി വാങ്ങിയിരുന്നു. പിന്നീട് അരീക്കോട്, കോയമ്പത്തൂർ, തിരൂർ, കൽപറ്റ, കുന്ദമംഗലം എന്നിവിടങ്ങളിലെ മൊബൈൽ ഷോപ്പുകളിൽ എഴ് ഫോണുകൾ സംഘം വിറ്റു.
ഇന്റർനെറ്റിൽനിന്നും ഡൗൺലോഡ് ചെയ്തെടുത്ത കണ്ണൂർ സ്വദേശിയായ റോഷൻ എന്നയാളുടെ പേരിലുള്ള ഡ്രൈവിങ് ലൈസൻസിന്റെ കോപ്പിയാണ് തിരിച്ചറിയൽ രേഖയായി ഫോൺ വിറ്റ കടകളിൽ പ്രതികൾ നൽകിയത്. കളവു നടത്തിയ മൂന്നു ഫോണുകൾ പൊലീസ് കണ്ടെടുത്തു. എട്ടു ഫോണുകൾ പ്ലാസ്റ്റിക് ചാക്കിൽ കെട്ടി ചേന്ദമംഗലൂർ പാലത്തിനടിയിൽ ഇരുവഴിഞ്ഞിപ്പുഴയിൽ എറിഞ്ഞതായി മൊഴി നൽകി. പ്രതികളെ റിമാൻഡ് ചെയ്തു. താമരശ്ശേരി ഡിവൈ.എസ്.പി അഷ്റഫ് തെങ്ങലക്കണ്ടിയുടെ നേതൃത്വത്തിൽ കോടഞ്ചേരി ഇൻസ്പെക്ടർ കെ.പി. പ്രവീൺ കുമാർ, എസ്.ഐമാരായ കെ.സി. അഭിലാഷ്, വി. പത്മനാഭൻ, സി.പി.ഒ. ജിനേഷ് കുര്യൻ, സനൽ കുമാർ, ക്രൈം സ്ക്വാഡ് എസ്.ഐ മാരായ രാജീവ് ബാബു, വി.കെ. സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.