ആന്റി റാബീസ് വാക്സിൻ ഇല്ല; മലയോരത്ത് നായകടിയേറ്റാൽ ആശ്രയം മെഡിക്കൽ കോളജ്
text_fieldsതാമരശ്ശേരി: നായ കടിക്കാതെയും പൂച്ച മാന്താതെയും ഏവരും ശ്രദ്ധിക്കണം. ഇവ സംഭവിച്ചാൽ നൽകേണ്ട ആന്റി റാബീസ് വാക്സിൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഉൾപ്പെടെ ലഭ്യമല്ല.
നായ്, പൂച്ച തുടങ്ങിയവ കടിച്ചാലും മാന്തിയാലും പേവിഷബാധ ഏൽക്കാതിരിക്കാൻ നൽകുന്ന ആൻറി റാബീസ് വാക്സിൻ സർക്കാർ ആശുപത്രികളിലാണ് ലഭ്യമായിരുന്നത്. ഇത്തരം കേസുകൾ വർധിച്ചതോടെയാണ് വാക്സിന് ക്ഷാമം നേരിടുന്നതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ മാസം 320 ആൻറി റാബീസ് വാക്സിൻ കേസുകൾ വന്നതായി അധികൃതർ പറയുന്നു. ഓരോ മാസവും രോഗികൾ വർധിക്കുന്നതായും പറയുന്നു.
എന്നാൽ, ബാലുശ്ശേരി, നരിക്കുനി, കൊടുവള്ളി എന്നിവിടങ്ങളിലെ ഗവ.ആശുപത്രികളിലും ആൻറി റാബീസ് വാക്സിൻ ലഭ്യമല്ല. മലയോര മേഖലയിലെ എവിടെ നായ് കടിച്ചതോ പൂച്ച മാന്തിയോ ആയ കേസുകൾ വന്നാൽ വാക്സിൻ എടുക്കാൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. രോഗികൾക്ക് ആൻറി റാബീസ് വാക്സിൻ നാല് ഡോസുകൾ നാല് തവണകളായാണ് നൽകേണ്ടത്. രോഗികൾ കോവിഡ് മഹാമാരി കാലത്ത് കിലോമീറ്ററുകൾ താണ്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തേണ്ട അവസ്ഥയാണ്.
ഒരു ഡോസ് ആൻറി റാബീസ് വാക്സിന് 350 രൂപ വിലവരുന്നതിനാൽ സ്വകാര്യ ആശുപത്രികൾ ഇവ കാര്യമായി സ്റ്റോക്ക് ചെയ്യാറുമില്ല. കഴിഞ്ഞ ദിവസങ്ങളിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ആന്റി റാബീസ് വാക്സിൻ ചെയ്യാനെത്തിയവർ സമീപങ്ങളിലെ ആശുപത്രികളിലെല്ലാം അന്വേഷണം നടത്തിയ ശേഷം കിട്ടാതെ വന്നതോടെ മെഡിക്കൽ കോളജ് ആശുപത്രിയെ ആശ്രയിക്കുകയായിരുന്നു. താലൂക്ക് ആശുപത്രിയിൽ എന്ന് ആൻറി റാബീസ് വാക്സിൻ എത്തുമെന്ന് പറയാനും അധികൃതർക്ക് കഴിയുന്നില്ല. വാക്സിൻ ക്ഷാമം സർക്കാർ ആശുപത്രികളിൽ മരുന്ന് എത്തിക്കുന്ന കെ.എം.സി.എൽ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നാണ് ഇവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.