ലക്ഷം സ്നേഹമാണ് ഈ ചെടികൾ
text_fieldsതാമരശ്ശേരി: നാടിന്റെ വിവിധ ഭാഗങ്ങളിലായി ജീവിക്കുന്ന ഒരു ലക്ഷം ചെടികൾ നട്ടു സംരക്ഷിച്ച് ‘പ്ലാന്റ്സ് അവർ പാഷൻ’ ഭാരവാഹികളായ താമരശ്ശേരി സ്വദേശി കാഞ്ഞിരത്തിങ്ങൽ ഒ. അബ്ദുൽ റഷീദും മകൾ നൂറ സൈനബും. 2017ൽ തുടങ്ങിയ സംരംഭമാണ് പ്ലാന്റ്സ് അവർ പാഷൻ. വീടുകളിലും ആരാധനാലയങ്ങളിലും സ്കൂളുകളിലും കോളജുകളിലും മറ്റു കൃഷിയിടങ്ങളിലുമായി ഇവർ തീർത്തും സൗജന്യമായി നൽകിയ ഫലവൃക്ഷ തൈകളും ഔഷധ സസ്യങ്ങളും മറ്റു അലങ്കാരചെടികളുമാണ് ഏഴുവർഷക്കാലംകൊണ്ട് ഒരു ലക്ഷം ജീവിക്കുന്ന ചെടികളായി വളർന്നിരിക്കുന്നത്. ചെടികളെല്ലാം സംരക്ഷിച്ചു പോരുകയും അവ കൃത്യമായി രേഖപ്പെടുത്തുകയും പരിപാലിക്കുകയും ചെയ്യുന്നുണ്ട്. ‘ജീവിക്കുന്ന ഒരു ലക്ഷം തൈകൾ’ എന്ന പദ്ധതിയുടെ സമർപ്പണം ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിൽ കോഴിക്കോട് ഫാറൂഖ് കോളജ് കാമ്പസിൽ നടക്കുമെന്ന് റഷീദ് പറഞ്ഞു. താമരശ്ശേരി ഗവ. യു.പി സ്കൂൾ, ഓമശ്ശേരി പ്ലസന്റ് സ്കൂൾ, രാരോത്ത് ജി.എം.എച്ച്.എസ്, ചെമ്പ്ര ജി.എൽ.പി സ്കൂൾ, എം.ജെ.എച്ച്.എസ്.എസ്, പൂനൂർ ഇശാഅത്ത് പബ്ലിക്ക് സ്കൂൾ, മാനിപുരം യു.പി സ്കൂൾ, എം.ജി.എം. സ്കൂൾ, ലിസ്സ കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി ആയിരക്കണക്കിന് ചെടികളാണ് വിദ്യാർഥികൾക്കും അധ്യാപകർക്കുമായി വിതരണം ചെയ്ത് നട്ടുവളർത്തി സംരക്ഷിച്ചു പോരുന്നത്. ചെടികൾ വെച്ചുപിടിപ്പിച്ച ശേഷം ആറുമാസം എത്തിയ ചെടികളുടെ ചിത്രങ്ങൾ അയക്കുന്നവർക്ക് നറുക്കെടുപ്പിലൂടെ കാഷ് അവാർഡുകളും നൽകും. കൂടാതെ ചെടികൾ നഷ്ടപ്പെടുന്നവർക്ക് അതേ ആഴ്ചതന്നെ പകരം ചെടികൾ എത്തിച്ചുനൽകുകയും ചെയ്യുന്നുണ്ട്. സപ്പോട്ട, പേരക്ക, നെല്ലി, റംബൂട്ടാൻ, മൾബെറി, സീതപ്പഴം, നാരകം തുടങ്ങിയ ഫല വൃക്ഷത്തൈകളും ചായമൻസ, ചങ്ങലംപരണ്ട, ഇരുവേലി, വാതംകൊല്ലി, പാഷൻ ഫ്രൂട്ട്, കരിനൊച്ചി, കൊന്ന തുടങ്ങിയ ഔഷധ സസ്യങ്ങളും അലങ്കാര ചെടികളുമാണ് നട്ടുവളർത്തുന്നത്. അവധി ദിവസങ്ങളും ഒഴിവു സമയങ്ങളുമാണ് ഈ ഉദ്യമത്തിന് നീക്കിവെക്കുന്നതെന്നും ചെടികളോടും പൂക്കളോടുമുള്ള സ്നേഹം മാത്രമാണ് തങ്ങളുടെ പദ്ധതിക്ക് പിന്നിലുള്ളതെന്നും റഷീദും നൂറയും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.