അകക്കണ്ണിന്റെ തെളിമയിൽ ഫൈഹയുടെ കവിതാ ലോകം
text_fieldsതാമരശ്ശേരി: പ്രകൃതിയുടെ പച്ചപ്പും കൂട്ടുകാരികളുടെ പുഞ്ചിരിയും ഫൈഹ കാണുന്നുണ്ട്; അകക്കണ്ണാൽ. ഇരുളാർന്ന ചുറ്റുപാടിൽനിന്ന് അകക്കണ്ണിന്റെ പൊൻവെട്ടത്തിൽ അവൾ കണ്ടറിഞ്ഞ കാര്യങ്ങൾ കവിതകളായി കോറിയിട്ടപ്പോൾ പിറവിയെടുത്തത് അപൂർവ സുന്ദര ലോകം. കണ്ണോത്ത് സെന്റ് ആന്റണീസ് യു.പി സ്കൂളിലെ മൂന്നാം ക്ലാസുകാരിയാണ് കുഞ്ഞു കവയിത്രി ഫൈഹ.
ജന്മനാ കാഴ്ച ശേഷിയില്ലാത്ത ഇവൾ കുറിച്ചിട്ട കവിതാ സമാഹാരമാണ് ‘ബാല്യത്തിൻ മൊട്ടുകൾ’. പ്രകൃതിയുടെ സൗന്ദര്യവും കുട്ടിക്കാലത്തിന്റെ മാധുര്യവുമാണ് ഫൈഹയുടെ കവിതകളിലെ മുഖ്യ ആകർഷണം. വിദ്യാലയം, അമ്മ, കളിപ്പാട്ടങ്ങൾ, മഴവില്ല്, കൂട്ടുകാരുടെ ചിരി ഇതെല്ലാമാണ് ഇവളുടെ കവിതകളുടെ പ്രമേയങ്ങളായി നിറയുന്നത്. അകതാരിലെ പ്രകാശംകൊണ്ട് ലോകത്തെ കാണുന്ന കുഞ്ഞുകവയിത്രി, ഈ സൗന്ദര്യങ്ങളെ അസാമാന്യമായി വാക്കുകളിലേക്ക് പകർന്നാട്ടം നടത്തുകയാണവൾ
ഉൾക്കാഴ്ചകൊണ്ട് ലോകത്തെ കാണുന്ന ഫൈഹക്ക് തന്റെ പാഠശാലയും പഠനജീവിതവും വഴികാട്ടി യായിട്ടുണ്ട്. പഠിച്ച അറബി വാക്കുകൾ ഉപയോഗിച്ച് ചെറുവിവരണം തയാറാക്കാനും, മലയാള കവിതകൾ ചൊല്ലാനും വരികൾ പൂർത്തിയാക്കാനുമുള്ള മികവ് ഫൈഹയിൽ കണ്ടെത്തുന്നത് സ്കൂളിലെ അറബിക് അധ്യാപകൻ ജാഫർ സാദിഖും മലയാളം അധ്യാപിക വി.എ. സെലിനുമാണ്. അങ്ങനെയാണ് പുതുകവിതാ ലോകം പിറവികൊള്ളുന്നത്. ഫൈഹയുടെ 20 കവിതകളടങ്ങിയ കവിതാ സമാഹാര പ്രകാശനം ജനുവരിയിൽ നടക്കുന്ന സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടിയിൽ പ്രമുഖരുടെ സാന്നിധ്യത്തിൽ നടക്കുമെന്ന് ഹെഡ്മാസ്റ്റർ പി.എ. ജോസ് പറഞ്ഞു.
വർഷങ്ങളായി സ്കൂൾ കലോത്സവ വേദികളിലും ഫൈഹ മികച്ച പ്രകടനത്തോടെ നിറസാന്നിധ്യമാണ്. കോഴിക്കോട് ജില്ലയിലെ ഭിന്നശേഷി വിഭാഗം കുട്ടികളുടെ പാട്ടു സംഘമായ ‘മൽഹാറി’ലെ കുഞ്ഞു പാട്ടുകാരി കൂടിയാണ് ഫൈഹ. കൊടുവള്ളി ബി. ആർ.സിയും താമരശ്ശേരി സോഷ്യൽ വെൽഫെയർ സൊസൈറ്റിയും സംഘടിപ്പിക്കുന്ന മിക്ക പരിപാടികളിലും പാട്ടും കവിതകളുമായി ഹൈഫയുണ്ടാകും. കരാട്ടേയിൽ പിങ്ക് ബെൽട്ട് നേടിയ ഈ മിടുക്കി ചെസ് കളിയിൽ തന്റേതായ ഇടം കരുപ്പിടിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്. പുതുപ്പാടി കൊട്ടാരക്കോത്ത് കിളയിൽ മുഹമ്മദ് സ്വാലിഹ്-സംഷാദ ദമ്പതികളുടെ മകളാണ് ഹൈഫ.
2018ലെ പാരാലിമ്പിക് ഏഷ്യൻ ഗെയിംസിൽ ചെസിൽ സിൽവർ മെഡൽ കരസ്ഥമാക്കി ശ്രദ്ധേയനായ പിതാവ് മുഹമ്മദ് സ്വാലിഹിന്റെ സഹായത്തോടെ ബ്രയിൽ ലിപിയും പരിശീലനം നടത്തുന്നുണ്ട്. അന്ധത ഉയരങ്ങൾ കീഴടക്കുന്നതിന് തടസ്സമല്ലെന്ന് കാണിച്ച പിതാവ് തന്നെയാണ് ഫൈഹയുടെ റോൾ മോഡൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.