പൊലീസിന്റെ അനാസ്ഥ; വാഹനമിടിച്ച് പരിക്കേറ്റ യുവാവ് നീതി തേടുന്നു
text_fieldsതാമരശ്ശേരി: തന്നെ ഇടിച്ചിട്ട വാഹനത്തെക്കുറിച്ച് അന്വേഷണം നടത്തി നടപടിയെടുക്കാൻ താമരശ്ശേരി പൊലീസ് അനാസ്ഥകാണിക്കുന്നെന്നാരോപിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊതു പ്രവർത്തകനും പെയിന്റിങ് തൊഴിലാളിയുമായ യുവാവ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. വാവാട് മീത്തൽ പുൽക്കുഴി എം.പി. രാജു എന്ന രാജു വാവാടാണ് കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
2022 ഏപ്രിൽ 23നാണ് താമരശ്ശേരി ടൗണിൽ പൊലീസ് സ്റ്റേഷന് വിളിപ്പാടകലെ വെച്ച് പഴയ സ്റ്റാൻഡിലേക്ക് ബസിൽ കയറാൻ റോഡ് മുറിച്ചുകടക്കവെ രാജുവിനെ കർണാടക രജിസ്ട്രേഷനുള്ള കെ.എ.ഡി. ഇസഡ് 7741 നമ്പർ ബൊലേറോ ജീപ്പ് ഇടിച്ചു വീഴ്ത്തിയത്. അപകടത്തിൽ കാലിന്റെ എല്ലുപൊട്ടിയതോടെ ശസ്ത്രക്രിയക്കും മറ്റുമായി വിവിധ ആശുപത്രികളിൽ ഏറെനാൾ ചികിത്സയിലായിരുന്നു രാജു.
പെയിന്റിങ്ങിന് പോയി കുടുംബം പുലർത്തിയ ഇദ്ദേഹം കടം വാങ്ങിയായിരുന്നു ചികിത്സ നടത്തിയത്. ഇപ്പോഴും അപകടത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ്. ഇതോടെ നിത്യവൃത്തിക്കുപോലും രാജുവും കുടുംബവും ബുദ്ധിമുട്ടുകയാണ്.
വാഹനം ഇടിച്ച അന്ന് വാഹനത്തിലുള്ളവർ ആശുപത്രിയിൽ എത്തിയിരുന്നെങ്കിലും പിന്നീട് ഇവരെക്കുറിച്ച് വിവരമില്ല. താമരശ്ശേരി പൊലീസ് മാസങ്ങൾ കഴിഞ്ഞിട്ടും ഇടിച്ചിട്ട വാഹനം കണ്ടെത്തി തുടർനടപടിക്ക് ശ്രമിക്കാത്തതിനാൽ ഇൻഷുറൻസ് ക്ലെയിം ചെയ്ത് നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യതയും ഇല്ലാതാവുകയാണ്.
ഇതുസംബന്ധിച്ച് പല തവണ താമരശ്ശേരി പൊലീസിലും എസ്.ഐ, സി.ഐ, ഡിവൈ.എസ്.പി. എന്നിവരെ ബന്ധപ്പെട്ടപ്പോഴും പല ഒഴികഴിവുകളാണ് പൊലീസ് പറയുന്നതെന്ന് രാജു പറഞ്ഞു. വാഹനം ഇടിച്ചിട്ടത് പൊലീസ് സ്‌റ്റേഷന്റെ തൊട്ടടുത്തായിട്ടും വാഹനം കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് തയാറായില്ല. ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയതോടെ വാഹന ഉടമ തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും രാജു പറഞ്ഞു.
അപകടം വരുത്തിയ ആളെ കണ്ടെത്താനും നഷ്ടപരിഹാരം ലഭ്യമാക്കാനും സംവിധാനങ്ങൾ ഉണ്ടെന്നിരിക്കെ ഇക്കാര്യത്തിൽ പൊലീസ് തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്നാണ് ആരോപണം. ഇതുകാരണമാണ് വാഹനമിടിച്ച് പരിക്കേറ്റ ആൾക്ക് ലഭിക്കേണ്ട ഇൻഷുറൻസ് പോലും ഇല്ലാതാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നത്. എന്നാൽ, അപകടം വരുത്തിയ വാഹനം കർണാടകയിലായതു കാരണവും വാഹന ഉടമയെ കണ്ടെത്താൻ സാധിക്കാത്തതുമാണ് കാലതാമസത്തിന് കാരണമെന്നാണ് പൊലീസിന്റെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.