ദേശീയപാതയിൽ അപകടക്കെണിയൊരുക്കി കുഴികൾ
text_fieldsതാമരശ്ശേരി: സദാസമയവും വാഹനങ്ങൾ പ്രവഹിക്കുന്ന ദേശീയപാതയിൽ അപകടക്കെണിയൊരുക്കി കുഴികൾ. താമരശ്ശേരിക്ക് സമീപം പലയിടങ്ങളിലായി ചതിക്കുഴികൾ അപകടഭീഷണിയൊരുക്കുകയാണ്. ഇരുചക്രവാഹന യാത്രക്കാരാണ് പ്രധാനമായും മഴയത്തും രാത്രിയിലും കുഴിയിൽ വീണ് അപകടത്തിനിരയാകുന്നത്.
താമരശ്ശേരി വട്ടക്കുണ്ട് പാലത്തിന് സമീപത്തെ ചതിക്കുഴിയിൽ ഇതിനകം നിരവധി പേർ വീണ് പരിക്കേറ്റു. പരപ്പൻപൊയിൽ, ഓടക്കുന്ന്, കാരാടി, പുല്ലാഞ്ഞിമേട് എന്നിവിടങ്ങളിലും വാപിളർന്ന് കുഴികൾ ഇരയെ കാത്തിരിക്കുന്നുണ്ട്.
മഴയത്ത് കുഴിയിൽ വെള്ളം കെട്ടിനിൽക്കുന്നതോടെ കുഴി ശ്രദ്ധയിൽപെടാതെയാണ് ഇരുചക്രവാഹന യാത്രികർ അപകടത്തിൽപെടുന്നത്. തുടരത്തുടരെ വാഹനങ്ങൾ സഞ്ചരിക്കുന്ന ദേശീയപാതയിൽ ബൈക്ക് അപകടത്തിൽപെടുന്നതോടെ പിറകിൽ വരുന്ന വാഹനം വന്നിടിക്കുകയും ചെയ്യും. പലരും ഭാഗ്യംകൊണ്ടാണ് രക്ഷപ്പെടുന്നത്.
പരാതി കാര്യമായി ഉയരുമ്പോൾ കുഴിയിൽ എം സാൻഡും മറ്റും ഉപയോഗിച്ച് താൽക്കാലിക ഓട്ടയടക്കൽ നടത്തും. രണ്ട് ദിവസത്തിനിടെ ഇവിടത്തെ കുഴികൾ വലിയ ഗർത്തങ്ങളായി മാറുന്ന സ്ഥിതിയാണ്. മഴ പെയ്യുന്നത് കാരണം അറ്റകുറ്റപ്പണി നടത്താൻ പ്രയാസം നേരിടുന്നെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, മഴയില്ലാത്ത കാലത്തോ മഴക്ക് മുമ്പോ ദേശീയപാത സ്ഥിരമായി അറ്റകുറ്റപ്പണി നടത്തിയാൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും.
ദേശീയപാതയിലെ കുഴികൾ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തി ഗതാഗതം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെയും വാഹനയാത്രക്കാരുടെയും പ്രധാന ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.